മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ ശിവസേന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാനത്തെ പോസിറ്റീവ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
‘മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ അത്ര ശുഭകരമല്ല. ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൂനെയിലും മുംബൈയിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. അമിതാഭ് ബച്ചനു പിന്നാലെ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്കും കൊറോണ ബാധിച്ചിരിക്കുന്നു. മഹാരാഷ്ട്രയുടെ പോക്ക് എങ്ങോട്ടെന്നറിയില്ല’. ബിജെപി വക്താവ് അമിത് മാലവ്യ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 8,139 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,46,600 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 223 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 10,116 ആയി.