ജയ്പൂര്‍ : പ്രതിസന്ധി രൂക്ഷമായ രാജസ്ഥാന് കോണ്‍ഗ്രസില്‍ അനുനയ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നിയമ സഭായോഗം ചേരും. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജോവാലയാണ് ഇക്കാര്യം അറിയിച്ചത്.
നാളെ പത്ത് മണിക്ക് നടക്കുന്ന യോഗത്തില്‍ സച്ചിന് പൈലറ്റിനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍മാരെയും ക്ഷണിച്ചിട്ടുണ്ട്. നാളെ നടക്കുന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സച്ചിന് പൈലറ്റിനോടും എംഎല്‍എമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുര്‍ജോവാല അറിയിച്ചു. അതേ സമയം സച്ചിന് പൈലറ്റിന്റെ ഭാഗത്തു നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമവായ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജയ്പൂരില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗത്തിലും സച്ചിന് പൈലറ്റ് പങ്കെടുത്തിരുന്നില്ല. ഗെലോട്ട്- പൈലറ്റ് തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാളെ നടക്കുന്ന ചര്‍ച്ച ഏറെ നിര്‍ണ്ണായകമാകുമെന്നാണ് കരുതുന്നത്.
അതേസമയം ഇന്ന് നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി. ഗെലോട്ടിനെ പിന്തുണക്കുന്ന 100 എംഎല്‍എമാരെയാണ് ഇന്ന് റിസോര്‍ട്ടുകളിലേക്ക് മാറ്റിയത്.