ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേ സായുധ സേനയ്ക്ക് കൂടുതല്‍ കരുത്തു പകരാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. സേനയ്ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പുതിയ തീരുമാനത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
അടിയന്തിര സാഹചര്യത്തില്‍ സായുധസേനയ്ക്ക് 300 കോടി രൂപവരെയുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നതിനുള്ള സാമ്പത്തിക അധികാരമാണ് പ്രതിരോധ മന്ത്രാലയം നല്‍കിയത്. ഇത് തന്ത്രപ്രധാനമായ യുദ്ധോപകരണങ്ങള്‍ രാജ്യത്തേക്ക് എത്തുന്നതിന്റെ കാലതാമസം കുറയ്ക്കും. കൂടുതല്‍ സാമ്പത്തിക അധികാരം ലഭിച്ചതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ആവശ്യപ്പെട്ട ആയുധങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.
ബുധനാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സായുധ സേനക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്കാന് അധികൃതര്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ ലഡാക്ക് ഉള്‍പ്പെടെയുള്ള അതിര്‍ത്തി മേഖലകളിലെ സൈനിക വിന്യാസം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സായുധ സേനയ്ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്കാന് തീരുമാനിച്ചത്.