മാഡ്രിഡ്: ലാ ലീഗ കിരീടം നേടിയതിന്റെ പ്രശംസമുഴുവന്‍ കളിക്കാരില്‍ ചൊരിഞ്ഞ് പരിശീലകനായ സിനദിന്‍ സിദാന്‍. വലിയ നേട്ടമാണ് എന്റെ ടീമംഗങ്ങള്‍ നേടിയിരിക്കുന്നത്. എല്ലാ നേട്ടവും അവര്‍ക്കുള്ളതാണെന്നും സിദാന്‍ പറഞ്ഞു.
‘ഇതൊരു വമ്പന്‍ നേട്ടമാണ്. ഇതൊരു തുടര്‍ച്ചയായ യുദ്ധമാണ്. 38 മത്സരങ്ങളാണ് ലീഗില്‍ ഒരു ക്ലബ്ബിന് കളിക്കാനുള്ളത്. ഏറ്റവും അവസാനമാണ് ഒരു ഫലം വരുന്നത്. ഈ കളികളിലെല്ലാം നന്നായി പരിശ്രമിച്ച ഒരോ കളിക്കാരേയും താന്‍ പ്രശംസിക്കുന്നു. കാരണം കളിക്കളത്തില്‍ പൊരുതുന്നത് അവരാണ്. ഒരു വലിയ ടീം ഒത്തൊരുമയാണ് കണ്ടത്. നേട്ടം അത്രയും വലുതാണ്. വികാരം നിയന്ത്രിക്കാനാകുന്നില്ല. കാരണം സ്പാനിഷ് ലീഗ് അത്രയ്‌ക്കും കടുപ്പം നിറഞ്ഞ പോരാട്ടവേദിയാണ്’ സിദാന്‍ കിരീടം നേടിയ ശേഷം പറഞ്ഞു.
34-ാംമത്തെ കിരീടമാണ് റയല്‍ നേടിയത്. അവസാന 10 കളികളിലെ തുടര്‍ച്ചയായ ജയങ്ങളാണ് കരുത്തായത്. ശക്തരായ ബാഴ്‌സലോണയെ മറികടന്നാണ് റയല്‍ കിരീടത്തിലേയ്‌ക്ക് എത്തിയത്.















