ലണ്ടന്‍: എഫ് എ കപ്പ് സെമി ഫൈനലില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്‌സണല്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ വിജയം. നായകന്‍ എമെറിക് ഔബുമെയാങിന്റെ ഇരട്ട ഗോളാണ് ആഴ്‌സണലിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഔബുമെയാങ് ഗോള്‍ നേടി. 19-ാം മിനിട്ടിലും 71-ാം മിനിട്ടിലുമാണ് ഔബുമെയാങ് സ്‌കോര്‍ ചെയ്തത്. അതേസമയം, മത്സരത്തിലുട നീളം മികച്ച പ്രകടനം പുറത്തെടുത്ത സിറ്റിക്ക് പക്ഷേ ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. മത്സരത്തിന്റെ 70 ശതമാനവും പന്ത് കൈവശം വെച്ച സിറ്റി ആഴ്‌സണല്‍ പോസ്റ്റിലേക്ക് 12 ഷോട്ടുകളും പായിച്ചു. കൃത്യത കുറഞ്ഞ ഷോട്ടുകളും സിറ്റിക്ക് തിരിച്ചടിയായി. എന്നാൽ, കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കാനായതാണ് ആഴ്‌സണലിന് തുണയായത്.
അതേസമയം, ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മില്‍ ഏറ്റുമുട്ടും. തോല്‍വികളില്‍ നിറംമങ്ങിയാണ് യുണൈറ്റഡ് ലീഗിലെ സീസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റല്‍ പാലസിനെതിരെയും ബ്രൈറ്റണിനെതിരേയും നേടിയ ജയങ്ങളാണ് ആശ്വാസമായുള്ളത്. ലീഗിലെ അവസാന മത്സരങ്ങളില്‍ മികച്ച ജയം നേടി മുന്നേറിയതിന്റെ വീര്യത്തിലാണ് ചെല്‍സി.















