ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഇന്ന് അവസാന മത്സരത്തിന് ഇറങ്ങുന്നു. അലാവെസാണ് ബാഴ്‌സയുടെ എതിരാളികള്‍. അലാവെസിന്റെ മൈതാനത്താണ് കളി നടക്കുക.
ലാ ലീഗ കിരീടം റയലിനു മുന്നില്‍ അടിയറവു വെച്ച ശേഷമാണ് ബാഴ്‌സ തങ്ങളുടെ അവസാന മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ഒസാസുനയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ പരാജയപ്പെട്ടിരുന്നു. അതേസമയം, അവസാന മത്സരത്തില്‍ റിയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് അലാവെസ് ബാഴ്‌സക്കെതിരെ ബൂട്ട് കെട്ടുന്നത്.
കിരീടം കൈവിട്ടതോടെ ബാഴ്‌സയുടെ പരിശീലകന്‍ ക്വീകെ സെറ്റിയന്റെ ഭാവിയും തുലാസിലായിരിക്കുകയാണ്. സെറ്റിയന്റെ കീഴില്‍ ബാഴ്‌സയുടെ പ്രകടനം അത്ര ശോഭനമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ സെറ്റിയനെ പുറത്താക്കണമെന്ന ആവശ്യവുമായി മുന്‍ ബാഴ്‌സലോണ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. ടീമിന്റെ പ്രകടനത്തില്‍ നായകന്‍ ലയണല്‍ മെസിയും നിരാശ പ്രകടപ്പിച്ചിരുന്നു.















