കൊതുകുകള്‍ കൊറോണ വാഹകരാകുമോ. നമ്മളില്‍ പലര്‍ക്കും ഉള്ള ഒരു സംശയമാണിത്. ഡെങ്കിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുക് കൊറോണ പരത്താന്‍ കാരണമാകില്ലേയെന്ന് ആശങ്കപ്പെടുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ഈ ആശങ്കകള്‍ക്ക് കൃത്യമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് കാന്‍സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍.
കൊതുകിലൂടെ കൊറോണ വൈറസ് ബാധ പകരില്ലെന്ന ലോകാരോഗ്യ സംഘടനയുടെ വാദത്തിന് തെളിവ് നല്‍കിയിരിക്കുകയാണ് ഇവര്‍. കൊറോണ വൈറസ് കൊതുകിലൂടെ പകരില്ലെന്ന കാര്യത്തില്‍ ആദ്യമായാണ് ഗവേഷകര്‍ സ്ഥിരീകരണവുമായെത്തുന്നത്.
കാന്‍സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച സയന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊതുകിലൂടെ വൈറസ് പകരുമെന്നതിന് ഇതുവരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് പഠനത്തില്‍ പറയുന്നു.
സാര്‍സ് കോവ് 2 കൊതുകുകളെ ബാധിക്കില്ലെന്ന് ലാബ് പരീക്ഷണങ്ങളിലൂടെയാണ് തെളിയിക്കപ്പെട്ടതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. കൊതുകുകളില്‍ നിന്നും വൈറസ് ബാധിക്കുന്ന തരത്തുള്ള പരീക്ഷണങ്ങള്‍ ചെയ്‌തെങ്കിലും അത്തരത്തിലൊന്നും പ്രകടമായില്ലെന്ന് ഗവേഷകനായ സ്റ്റീഫന്‍ ഹിഗ്‌സ് വ്യക്തമാക്കി. തീവ്രമായ അവസ്ഥയില്‍ പോലും കൊതുകുകള്‍ക്ക് കൊറോണ ബാധിക്കില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്റ്റസ്, ക്യൂലക്‌സ് ക്വിന്‍ക്വിഫസിയാറ്റിസ് എന്നിങ്ങനെ മൂന്ന് ഇനത്തില്‍പ്പെട്ട കൊതുകുകളിലാണ് പഠനം നടത്തിയത്. ഈ കൊതുകുകള്‍ കൊറോണ വൈറസ് വാഹകരല്ലെന്ന് പഠനം തെളിയിച്ചു. കൊതുകുകളില്‍ കൊറോണ വൈറസ് കുത്തിവെയ്ച്ച ശേഷം 2 മണിക്കൂറിന് ശേഷം സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ കൊതുകുകളിലൂടെ രോഗം പകരില്ലെന്ന് കണ്ടെത്തി. ഈ കൊതുകുകള്‍ മനുഷ്യരെ കടിച്ചാല്‍ പോലും ഇവയില്‍ നിന്നും രോഗം പകരില്ലെന്ന് പഠനത്തില്‍ വ്യക്തമാകുന്നു.