ജയ്പൂര്‍ : രാജസ്ഥാനിലെ രാഷ്ട്രീയ പോര് സുപ്രീംകോടതി കയറുന്നു. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍മാര്‍ക്കും എതിരെ നടപടി സ്വീകരിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്പീക്കര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. വിധിക്കെതിരെ ഇന്ന് തന്നെ സ്പീക്കര്‍ സിപി ജോഷി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് സച്ചിന് പൈലറ്റിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 18 എംഎല്‍എമാര്‍ക്കുമെതിരെ വെള്ളിയാഴ്ചവരെ നടപടി സ്വീകരിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെയാണ് ജോഷി സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസില്‍ വെളളിയാഴ്ച വിധി പ്രസ്താവിക്കുമെന്നും കോടതി അറിയിച്ചിരുന്നു
അയോഗ്യരാക്കുമെന്ന് കാണിച്ച് സ്പീക്കര്‍ നല്കിയ നോട്ടീസിനെതിരെ ജൂലൈ 17 നാണ് സച്ചിന് പൈലറ്റും എംഎല്‍എമാരും രാജസ്ഥാന് കോടതിയെ സമീപിച്ചത്. അന്നേ ദിവസം ഹര്‍ജി പരിഗണിച്ച കോടതി സച്ചിന് പൈലറ്റിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി വിധി പ്രസ്താവിക്കുന്നതുവരെ അയോഗ്യരാക്കരുതെന്ന് വീണ്ടും സ്പീക്കറോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സച്ചിന് പൈലറ്റും അദ്ദേഹത്തിന് പിന്തുണ നല്കുന്ന എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് അയോഗ്യരാക്കുമെന്ന് കാണിച്ച് സ്പീക്കര്‍ എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ചത്.