ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീട് ഏറ്റെടുക്കാനുള്ള നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട്. കോടതി നിര്‍ദ്ദേശിച്ച 67 കോടി രൂപ കെട്ടിവച്ചാണ് വേദ നിലയം എന്ന വീട് സര്‍ക്കാര്‍ സ്വത്താക്കിയത്. ജയലളിത ആദായ നികുതി ഇനത്തില്‍ കുടിശ്ശിക വരുത്തിയ 36.9 കോടി അടക്കമാണ് തമിഴ്നാട് സര്‍ക്കാര്‍ 67 കോടി രൂപ കോടതിയില്‍ അടയ്ക്കേണ്ടി വന്നത്. പൊയസ് ഗാര്‍ഡനിലെ വീട് ഏറ്റെടുക്കുന്നതിന് മുമ്പ് എല്ലാ ബാധ്യതകളും തീര്ക്കണമെന്നതിനാലാണ് ആദായ നികുതി ബാധ്യത ആദ്യം ഒടുക്കിയതെന്ന് അണ്ണാ ഡി. എം.കെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജയലളിത എന്ന മുഖ്യമന്ത്രി തമിഴ്നാടിന് നല്കിയ നേതൃത്വം എന്നും ഓര്‍മ്മിക്കേണ്ടതാണ്. വേദനിലയം മികച്ച ഒരു മ്യൂസിയമാക്കി മാറ്റും. അര ഏക്കറിലാണ് പൊയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതി നിലനില്‍ക്കുന്നത്. നിലവില്‍ ജയലളിതയുടെ വസതിക്കായി മരുമക്കളായ ദീപയും ദീപക്കും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് എന്നും വന്നു പോകാനാകുന്ന തരത്തില്‍ ജയലളിതയുടെ ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടണമെന്നതിനാലാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായി മുന്നിട്ടിറങ്ങിയതെന്ന് ഫിഷറീസ് മന്ത്രി ജയകുമാര്‍ പറഞ്ഞു.
ജയലളിതയുടെ സഹോദര പുത്രരായ ദീപയും ദീപക്കിനും സ്വത്തില്‍ അവകാശമുണ്ടെന്ന കേസ് മദ്രാസ് ഹൈക്കോടതി പരിഗണിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വീട് ഏറ്റെടുക്കണമെന്ന തീരുമാനവുമായി രംഗത്തെത്തിയത്. എ.ഐ.എ.ഡി.എം.കെയുടെ ഇടയിലുണ്ടായ രണ്ടു വിഭാഗങ്ങള്‍ ഒന്നിക്കാനുള്ള ചര്‍ച്ചയിലെ ഒരു ആവശ്യമായിരുന്നു വേദനിലയെ മ്യൂസിയം ആക്കണമെന്നതെന്നും ജയകുമാര്‍ ചൂണ്ടിക്കാട്ടി.