ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുമുള്ള റെവന്യൂ ടാര്‍ഗറ്റ് വെട്ടിച്ചുരുക്കി ചൈനീസ് ടെലികോം കമ്പനിയായ വാവേ. ഇന്ത്യക്കാരുടെ ചൈനീസ് വിരുദ്ധ മനോഭാവം കണക്കിലെടുത്താണ് വാവേ റെവന്യൂ ടാര്‍ഗെറ്റ് വെട്ടിച്ചുരുക്കിയത്. റെവന്യൂ ടാര്‍ഗെറ്റ് വെട്ടിക്കുറച്ചതിന് പുറമേ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 49 ചൈനീസ് ആപ്പുകള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നും ലക്ഷ്യമിടുന്ന വരുമാന നിരക്ക് വാവേ വെട്ടിച്ചുരുക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
2020 ല്‍ 700 മുതല്‍ 800 മില്യണ്‍ ഡോളറിന്റെ വരുമാനം ആണ് വര്‍ഷാരംഭത്തില്‍ കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ 350 മുതല്‍ 500 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഇന്ത്യയില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ 70 ശതമാനത്തോളം ജീവനക്കാരെയാണ് വാവേ പിരിച്ചു വിടാന്‍ ഒരുങ്ങുന്നത്.
റെവന്യൂ ടാര്‍ഗറ്റ് വെട്ടിക്കുറച്ചതും, ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതും സൂചിപ്പിക്കുന്നത് കമ്പനിയുടെ നഷ്ടത്തെയാണ്. ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് ശേഷം ഇന്ത്യന്‍ ജനതയില്‍ ഉടലെടുത്ത ചൈനീസ് വിരുദ്ധ മനോഭാവം കമ്പനിക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.