ശ്രീനഗര്‍ : ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ആദില്‍ ചോപ്പന്റെ പിതാവ് ഭീകര സംഘടനയായ ജെയ് ഷെ മുഹമ്മദില്‍ ചേര്‍ന്നതായി സൂചന. ത്രാല്‍ സ്വദേശി അബ്ദുള്‍ ഹമീദ് ചോപ്പന് (48) ആണ് മകന്റെ പാത പിന്തുടര്ന്ന് ഭീകര സംഘടനയില്‍ ചേര്‍ന്നത്.
ജൂണ്‍ 19 മുതല്‍ അബ്ദുള്‍ ഹമീദിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ത്രാള്‍ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഭീകര സംഘടനയായ ജെയ് ഷെ മുഹമ്മദില്‍ ചേര്‍ന്നതായുള്ള സൂചനകള്‍ ലഭിച്ചത്. കൃഷിസ്ഥലത്തേക്ക് പോയ ഹമീദ് പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്.
2017ലാണ് ജമ്മു കശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആദിലിനെ സൈന്യം വധിച്ചത്. ഇതിന് ശേഷം പല ഭീകരരുമായും ഇയാള്‍ രഹസ്യമായി ബന്ധപ്പെട്ടിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.