ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ പീഡനമനുഭവിക്കുന്ന സിഖുകാരെ തിരികെ എത്തിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 700 ഓളം സിഖുകാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 700 ഓളം സിഖുകാര്‍ അഫ്ഗാനിസ്താനില്‍ നിന്നും ഇന്ത്യയിലേക്കെത്താന്‍ തയ്യാറാണെന്നും ഇന്ത്യന്‍ എംബസി അവരുമായി ബന്ധപ്പെട്ടെന്നും ബിജെപി ദേശീയ സെക്രട്ടറി സര്‍ദാര്‍ ആര് പി സിംഗ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്ന ശേഷം അഫ്ഗാനിസ്താനില്‍ നിന്നുള്ള സിഖുകാരെ ഇന്ത്യയില്‍ എത്തിച്ചിരുന്നു. 11 സിഖുകാരടങ്ങുന്ന ആദ്യ ബാച്ച് ജൂലൈ 26 നാണ് ഇന്ത്യയിലെത്തിയത്. കാബൂളിലെ ഇന്ത്യന്‍ എംബസി താത്ക്കാലിക വിസ നല്‍കിയാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. ആദ്യ ഘട്ടത്തിലെത്തിയ സിഖ് കുടുംബങ്ങള്‍ ഡല്‍ഹിയിലെ ഗുരുദ്വാരയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന അഫ്ഗാനിസ്താനിലെ സിഖ് സമൂഹത്തിന് വലിയ ആശ്വാസമേകുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സിഖ് ഗുരുദ്വാരക്ക് നേരെ മാര്‍ച്ച് 25 നുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര് കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് മതപരമായ ഭീഷണികളും പീഡനങ്ങളും അനുഭവിക്കുന്ന ന്യൂനപക്ഷ സിഖ് സമൂഹത്തെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.