ദോഹ. ഖത്തറിലെ അത്യാകര്‍ഷകമായ 15 ബീച്ചുകളുടെ പട്ടിക നഗരസഭ പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇതില്‍ ഏഴു ബീച്ചുകളില്‍ കുടുംബമായെത്തുന്നവര്ക്കു മാത്രമായിരിക്കും പ്രവേശനമെന്നും മന്ത്രാലയം വ്യക്തമാക്കി. അല്‍ വക്ര, അല്‍ ഗാരിയ, അബു സലൂഫ്, അല്‍ ദക്കീറ, ഫര്‍ഖിയ, സിമൈസിമ എന്നിവിടങ്ങളിലാണ് കുടുംബമായെത്തുന്നവര്ക്കു മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. ഇതില്‍ത്തന്നെ സിമൈസിമയില് കുടുംബാംഗങ്ങളായ പുരുഷന്മാര്ക്ക് പ്രവേശനം അനുവദിക്കില്ല. സീലൈന്‍ ബീച്ചില്‍ എല്ലാവര്ക്കും പ്രവേശനം ഉണ്ടാകുമെങ്കില്‍ കുടുംബങ്ങള്‍ക്കു മാത്രമായി പ്രത്യേക മേഖല തിരിച്ചിട്ടുണ്ട്. തനിച്ചെത്തുന്ന പുരുഷന്മാര്ക്ക് ഈ മേഖലയിലേക്ക് പ്രവേശനം ഉണ്ടാവില്ല. അല്‍ റുവായിസ്, ഫുവൈരിത്, ദൂഖാന്‍, അല്‍ ഖരാജ്, അല്‍ ഉദൈദ് ബീച്ചുകളില്‍ എല്ലാവര്ക്കും പ്രവേശനം ഉണ്ടാകും. കുളിക്കാനിറങ്ങുന്നവര്‍ ഉയര്‍ന്ന തിരമാലകളും വേലിയേറ്റവും കടല്‍ച്ചുഴിയും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജാഗ്രതപുലര്‍ത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വാട്ടര്സ്കൂട്ടറുകളും മോട്ടോര്‍ ബോട്ടുകളും നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ ആളെ കയറ്റാനും ഇറക്കാനും അനുവദിക്കൂ. വാട്ടര്സ്കൂട്ടറുകള് തീരത്തുനിന്ന് 400 മീറ്റര്‍ അകലം പാലിക്കണം. സന്ദര്‍ശക സുരക്ഷ ഉറപ്പാക്കാനാണ് ഈ നിയന്ത്രണങ്ങള്‍.