ന്യൂഡല്‍ഹി: ചെറിയ കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ കഴിയുന്നവരെ ഹോമിയോ മരുന്ന് നല്കി ചികിത്സിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതയില്‍ ഹര്‍ജി. ഹോമിയോ ഡോക്ടര്‍മാരായ ഡോക്ടര്‍ രവി എം. നായര്‍, ഡോക്ടര്‍ അശോക് കുമാര്‍ ദാസ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഗുരുതര രോഗവസ്ഥയില്‍ അലോപ്പതി ആശുപത്രിയില്‍ കഴിയുന്ന കൊറോണ ബാധിതരെ അവര്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ ഹോമിയോ മരുന്നുകള്‍ നല്കി ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ നല്കുന്ന പ്രതിരോധ മരുന്നുകള്‍ക്ക് പുറമെ ആര്‍സെനിക് ആല്‍ബം-ഫോസ്ഫറസ്-ട്യൂബര്ക്യൂലിനം സീരിസില്‍പ്പെട്ട മരുന്നുകള്‍ നല്കാന് ആയുഷ് മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹോമിയോമരുന്നുകളുടെ ക്ലിനിക്കല്‍ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോടും ആയുഷ് മന്ത്രാലയത്തോടും സംസ്ഥാന ആരോഗ്യ വകുപ്പുകളോടും നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.