ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ചടങ്ങുകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന പോസ്റ്റുകള്‍ നിര്‍മ്മിച്ച മൂന്ന് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. അലീം, കമറുദ്ദീന്, സഹീബ് അലം എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും പ്രവര്‍ത്തകരാണിവര്‍. ഇതില്‍ അലീം ഡോക്ടറാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമായി സാമൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന പോസ്റ്റുകള്‍ ഇവര്‍ പങ്കു വയ്ക്കുകയായിരുന്നു.
ഡോ.അലീമിന്റെ ക്ലിനിക്കിലെത്തിയ ചിലരാണ് ഇയാള്‍ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതായി പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനാണിയാള്‍. വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ സന്ദേശങ്ങള്‍ പങ്ക് വച്ചിരുന്നു. അലീമിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റ് രണ്ട് പേരും സമാന രീതിയില്‍ പോസ്റ്റുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് കണ്ടെത്തിയത്. ദേശീയ അഖണ്ഡതയേയും ഐക്യത്തേയും തകര്‍ക്കുന്ന രീതിയിലുള്ള സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചതെന്ന് അഡീഷണല്‍ സൂപ്പര്ഇന്ടെന്ഡന്റ് കുന്‍വാര്‍ ഗ്യാനന്ജയ് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകനായിരുന്ന അലീം ഇപ്പോള്‍ എസ്ഡിപിഐയുടെ മീഡിയ വിംഗിന്റെ ചുമതല വഹിക്കുന്നുണ്ട്. പ്രതികളുടെ ഇത്രയും നാളത്തെ പ്രവര്‍ത്തനങ്ങളും പൊലീസ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുസ്ലീം വ്യക്തി നിയമ ബോര്‍ഡും രാമക്ഷേത്രത്തിനെതിരെ പ്രതികരണം നടത്തിയിരുന്നു. ബാബറി മസ്ജിദ് എല്ലായ്പ്പോഴും പള്ളിയായിരിക്കുമെന്നും, ഹാഗിയ സോഫിയ ഓര്‍മ്മിക്കണമെന്നുമായിരുന്നു പോസ്റ്റ്. എന്നാല്‍ വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇവര്‍ ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
Comments