വയനാടിന്റെ തീരാനോവായ പുത്തുമല ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. പ്രകൃതി സുന്ദരമായ ഒരു പ്രദേശം മുഴുവനായും കലിതുള്ളി വന്ന മലവെള്ളത്തില്‍ ഒലിച്ചുപോയി. മലമുകളില്‍ നിന്നും കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ഇല്ലാതായത് ഒ രു നാട് തന്നെയായിരുന്നു. ഒപ്പം കൂട്ടി വെച്ച കുറച്ചു സമ്പാദ്യങ്ങളും കുറേ സ്വപ്നങ്ങളും കിടപ്പാടങ്ങളും. ഒന്നും ബാക്കി വെയ്ക്കാതെ എല്ലാം ഒലിച്ചു പോകുമ്പോഴും ജീവനുവേണ്ടിയുള്ള പിടച്ചില്‍ മാത്രമായിരുന്നു ബാക്കി.
2019 ആഗസ്റ്റ് എട്ടിന് വൈകിട്ടാണ് നാടിനെ ഇല്ലാതാക്കിയ ആ ദുരന്തം. 17 പേരുടെ ജീവനെടുത്ത ഇതിന്റെ കലി അടങ്ങിയത് 57 വീടുകള്‍ പൂര്‍ണമായും നൂറിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണ്ണിനടിയില്‍ എവിടെയോ ദുരന്തത്തിന്റെ സ്മാരകം എന്ന പോലെ കിടക്കുന്ന അഞ്ചുപേര്‍ ഇനിയും ബാക്കി. ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തനമായിരുന്നു പുത്തുമലയില്‍ നടത്തിയത്, എന്നിട്ടും പരമാവധി ശ്രമിച്ചിട്ടും അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായില്ല. സൗന്ദര്യം ഏറെയുള്ള പുത്തുമലയെന്ന നൂറേക്കറോളം വരുന്ന സ്ഥലം ഇന്ന് വെറും ചതുപ്പുനിലങ്ങള്‍ മാത്രം. എത്ര വേഗമാണ് പ്രകൃതി സുന്ദരിയാക്കിയ ഒരു സ്ഥലത്തെ ഒന്നുമല്ലാതാക്കി തീര്‍ക്കാന്‍ ആ പ്രകൃതിയില്‍ നിന്നു തന്നെ പൊട്ടിപ്പുറപ്പെട്ട മലവെള്ളത്തിനു സാധിച്ചത്.
ദുരന്തം കഴിഞ്ഞ് ഒരാണ്ട് പിന്നിടുമ്പോഴും ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇന്ന് ഓര്‍മ്മകള്‍ മാത്രമാണ് തിരിച്ചു കിട്ടിയത്. സമ്പാദ്യവും, ഉറ്റവരും, കിടപ്പാടവും നഷ്ടപ്പെട്ട ഒന്നും ഇല്ലാത്തവര്‍ ഇന്നും ഏറെയാണ്. പുനരധിവാസത്തിനായി സന്നദ്ധസംഘടനകളും മറ്റ് സ്ഥാപനങ്ങളും എല്ലാവര്ക്കും വീടും സ്ഥലവും സ്പോണ്സര് ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ പകുതിയോളം മാത്രമേ നടന്നിട്ടുള്ളൂ. വാടക വീടുകളിലാണ് ഭൂരിഭാഗം പേരും താമസിക്കുന്നത്. ഈ വര്‍ഷവും പ്രളയം എത്തി ഒപ്പം ദുരന്തവും എന്നാല്‍ ഇനിയും പുത്തുമല പോലെ ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ ആരുടെയും ജീവനുകള്‍ പൊലിയാതിരിക്കട്ടെ എന്ന് വീണ്ടും നമുക്ക് പ്രാര്‍ത്ഥിക്കാം.
Comments