രാജ്‌കോട്ട്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ ഹെഡ്‌കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിക്കവെ കിസാന്‍പര ചൗക്കില്‍ വെച്ച് വനിതാ ഹെഡ്‌കോണ്‍സ്റ്റബിളായ സോനല്‍ ഗോസായാണ് ജഡേജയുടെ കാര്‍ തടഞ്ഞത്.
തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥ ജഡേജയോട് മാസ്‌ക് ധരിക്കാതിരുന്നതിന് പിഴ അടയ്‌ക്കാന്‍ ആവശ്യപ്പെടുകയും ലൈസന്‍സ് ചോദിക്കുകയും ചെയ്തു. ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പരസ്പരം ഇരുവരും മോശമായി പെരുമാറിയെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട സോനല്‍ ഗോസായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഇരുവരും പരാതിയൊന്നും നല്‍കിയിട്ടില്ല.
അതേസമയം ജഡേജ മാസ്‌ക് ധരിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭാര്യ മാസ്‌ക് ധരിച്ചിരുന്നോവെന്ന് അന്വേഷിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മനോഹര്‍ സിംഗ് ജഡേജ വ്യക്തമാക്കി.















