അമേരിക്കയിലെ നായ്ക്കൾക്കു വേണ്ടിയുള്ള അനാഥാലയത്തിൽ കഴിഞ്ഞിരുന്ന പിറ്റ് ബുൾ ഇനത്തിൽ പെട്ട നായയാണ് സ്റ്റോറി . പ്രജനനത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന സ്റ്റോറിയെ ഉടമസ്ഥർ ഉപേക്ഷിക്കുകയായിരുന്നു . പലപ്പോഴും ശൗര്യം നിറഞ്ഞ സ്വഭാവത്തിന് ഉടമകളാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വർഗ്ഗമാണ് പിറ്റ് ബുൾ നായകൾ . എന്നാൽ സ്നേഹവും, നന്ദിയും, ശാന്തതയും ഉള്ള നായ്ക്കളാണ് പിറ്റ് ബുൾ .
നായ്ക്കളെ ഒരുപാടു സ്നേഹിക്കുകയും ധാരാളം നായ്ക്കളെ അതും പിറ്റ് ബുൾ ഇനത്തിൽ പെട്ട നായ്ക്കളെ വീട്ടിൽ വളർത്തുകയും ചെയ്യുന്ന ദമ്പതികളാണ് മരിസ്സയും ക്രിസും . അനാഥാലയത്തിൽ നിന്ന് ഒരു നായയെ ദത്തെടുക്കണം എന്ന മോഹത്തോടെ എത്തിയ അവരെ വരവേറ്റത് ദയനീയതയോടെ നോക്കുന്ന നായ്ക്കളാണ് . അവരിൽ നിന്ന് വേറിട്ട് നിന്നതു പൂർണ്ണ ഗർഭിണിയായിരുന്ന സ്റ്റോറി ആയിരുന്നു. സ്റ്റോറിയെ ദത്തെടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ നിന്ന അവരുടെ കാലിൽ തലവെച്ചുകൊണ്ടു സ്റ്റോറി ദയനീയമായി നോക്കി .
സമയം കഴിഞ്ഞിട്ടും പ്രസവിക്കാതിരുന്ന നായയെ ദത്തെടുത്താൽ , വീട്ടിൽ ഉള്ളവയെ കൂടാതെ വീണ്ടും ഒരു കൂട്ടം നായ്ക്കളും കൂടിയാവുമല്ലോ എന്ന ധർമ്മസങ്കടത്തിൽ നിന്ന് അവർ മോചിതരായത് , താത്കാലികമായി സ്റ്റോറിക്ക് സംരക്ഷണം കൊടുക്കാം എന്ന തീരുമാനത്തിൽ ആണ് .
എന്നാൽ സ്റ്റോറി എന്ത് കൊണ്ട് പ്രസവിക്കുന്നില്ല എന്ന കാര്യത്തിൽ അതിശയം തോന്നിയ അവർ ഇന്റർനെറ്റ് ലോകത്തെ ആശ്രയിച്ചു . ഒരുപാടു തെരച്ചിലുകൾക്കൊടുവിൽ അവർ അതിനു ഉത്തരം കണ്ടെത്തി . അനാഥാലയത്തിൽ ജീവിക്കുന്ന നായ്ക്കൾക്കുണ്ടാകുന്ന നിരാശയാണ് ശരീരത്തെ പിടിച്ചു നിർത്തിക്കൊണ്ട് പ്രസവിക്കാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത് .
സ്റ്റോറി സമയമായിട്ടും പ്രസവിക്കാതിരുന്നതിനാൽ അവളെ അവർ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. സ്കാൻ ചെയ്ത ഡോക്ടർ അസാധാരണമായ കാഴ്ചയാണ് കണ്ടത് . സാധാരണ ആറു നായ്ക്കുട്ടികൾ മാത്രമേ ഉണ്ടാവാറുള്ളൂ . എന്നാൽ സ്റ്റോറി ഉദരത്തിൽ പേറിയിരുന്നത് പന്ത്രണ്ടു നായക്കുട്ടികളെയാണ് .
മാതൃത്വം മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ആ ഭാവം നിറഞ്ഞു നിൽക്കുന്നു എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് സ്റ്റോറി . അനാഥാലയത്തിന്റെ അന്തരീക്ഷത്തിൽ പ്രസവിക്കുന്നത് തന്റെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമാവില്ല എന്ന ബോധമാണ് , പ്രസവിക്കുന്നതിൽ നിന്ന് നായയെ തടഞ്ഞത് . അവൾക്കു വേണ്ടിയിരുന്നത് സ്നേഹവും കരുതലും നിറഞ്ഞ ഒരിടമായിരുന്നു .
മരിസ്സ ക്രിസ് ദമ്പതികൾ അവരുടെ കിടപ്പുമുറിയിൽ തന്നെ സ്റ്റോറിക്ക് വേണ്ടി കിടക്കാൻ ഒരു സ്ഥലം ഒരുക്കി ഉറങ്ങാൻ കിടന്നു . രാവിലെ സ്റ്റോറിയുടെ അവസ്ഥ എന്തായിരിക്കും എന്നന്വേഷിക്കാൻ ചെന്ന അവർ കണ്ടത് , പന്ത്രണ്ടു കുഞ്ഞുങ്ങളെയും മുലയൂട്ടൂന്ന സ്റ്റോറിയെയാണ് . സന്തോഷത്താൽ കരഞ്ഞു പോയ ആ ദമ്പതികൾ അവളെയും കുഞ്ഞുങ്ങളെയും കരുതലോടെ നോക്കി. ദത്തെടുക്കാൻ സമയപ്പോൾ സ്റ്റോറിയുടെ കഥയറിഞ്ഞവർ കുഞ്ഞുങ്ങളെ ഓരോന്നായി ദത്തെടുത്തു. അപ്പോഴും സ്റ്റോറിയെ എന്തും ചെയ്യും എന്ന് ശങ്കിച്ചു നിന്ന ദമ്പതികളുടെ അടുത്തേക്ക് ദൈവദൂതനെ പോലെ ഒരു വ്യക്തിയെത്തി . അയാൾ സ്റ്റോറിയെ ദത്തെടുത്ത് മൂലം എന്നെന്നേക്കുമായി അവൾക്ക് സ്വന്തമായി ഒരു കുടുംബവും സ്നേഹസമ്പന്നനായ ഉടമസ്ഥനെയും ലഭിച്ചു .
Comments