നൃത്തം ഇഷ്ടപ്പെടാത്തവരായി ആരുമില്ല. നൃത്തം ചെയ്യാനോ അഭ്യസിക്കാനോ എല്ലാവര്ക്കും കഴിയില്ലെങ്കിലും നൃത്തത്തിന് ആസ്വാദകര്‍ ഏറെയാണ്. നൃത്ത പഠന കേന്ദ്രങ്ങളിലും, കലാക്ഷേത്രകളിലും പ്രധാനമായും കണ്ടുവരുന്നതാണ് നടരാജ വിഗ്രഹം. ഇതിൽ തൊട്ടു തൊഴുത ശേഷമാണ് നൃത്തം ആരംഭിക്കുക. നൃത്തം ചെയ്യുന്ന ശിവഭഗവാന്റെ ശില്പ രൂപമാണിത്. നാലു കൈകളും പറക്കുന്ന മുടി ചുരുളുകളും വലതുകൈയ്യില്‍ ഡമരുവുമേന്തി കാല് ചുവട്ടില്‍ അപസ്മാര പുരുഷനെയും ചവിട്ടി നില്ക്കുന്ന രൂപമാണിത്. ചോള രാജാക്കന്മാരണ് ഈ വിഗ്രഹം നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.
താണ്ഡവ നൃത്ത മാതൃകയില്‍ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കല്‍ നാസ്തികരായ ഏതാനും ഋഷികളെ നേരിടാന്‍ ശിവനും,സ്ത്രീ രൂപം ധരിച്ച വിഷ്ണുവും,ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികള്‍ മായാപ്രയോഗം കൊണ്ട് ശിവനെ എതിര്‍ത്തുവെന്നും. ആ സമയം ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാന് നൃത്തം ചെയ്തുകൊണ്ട് നേരിട്ടു വെന്നും, കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സില്‍ക്ക് തുണിപോലെ ശിവന് ശരീരത്തില്‍ ധരിച്ചു. പിന്നീട് ഘോര രൂപിയായ ഒരു സര്‍പ്പം എതിരിട്ടപ്പോള്‍ ഭഗവാന് അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു .
അതിനുശേഷം ഹ്രസ്വകായനായ മുയലകന് എന്ന ഒരു ഭീകരസത്വം ഓടി അടുത്തു. അപ്പോള്‍ ശിവന് തന്റെ കാലിന്റെ പെരുവിരല്‍ അതിന്റെ മുതുകില്‍ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയര്‍ത്തിയ രണ്ട് കരങ്ങളിലും ഢക്കയും,അഗ്നിയും,താഴെ ഒരു കൈകൊണ്ട് വരമുദ്രയും,മറ്റൊരു കൈകൊണ്ട് ഉയര്‍ത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്നു. നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.
Comments