കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പോഷകാഹാരം മാത്രം പോരാ, നമ്മുടെ ജീവിതത്തിലെ ഓരോ ശീലങ്ങളും കുട്ടികളുടെ ആരോഗ്യപരമായും മാനസികപരമായുള്ള വളർച്ചയെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവിത ശൈലിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ കൈവരിക്കാൻ നിങ്ങൾ തയാറാണെങ്കിൽ കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്കും ശാരീരികമായ വളർച്ചയ്ക്കും അത് ഏറെ ഫലപ്രദമാകും.
ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ജങ്ക് ഫുഡ് അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ് പരമാവധി ഒഴിവാക്കുക. ചെറുപ്പം മുതൽ തന്നെ പച്ചക്കറികളും, ഇലവർഗ്ഗങ്ങളും കഴിപ്പിക്കാൻ അവരെ ശീലിപ്പിക്കുക. ഭക്ഷണം എപ്പോഴും തെരഞ്ഞെടുക്കുന്നത് മുതിർന്നവർ തന്നെയാണ്. പോഷകമികവുള്ള ഭക്ഷണം തെരഞ്ഞെടുത്ത് കുട്ടികളെ കഴിപ്പിക്കേണ്ട കടമയും മുതിർന്നവർക്കാണ്.
അതുപോലെ ഭക്ഷണം കുടുംബത്തോടുകൂടി ഒരുമിച്ചിരുന്നു കഴിക്കുക. ഇത് കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും, തീന്മേശയിൽ പാലിക്കേണ്ട മര്യാദകൾ ശീലിക്കാനും കുട്ടികളെ പഠിപ്പിക്കും. ഒറ്റയ്ക്കു മാറിയിരുന്നു കഴിക്കുമ്പോൾ കുട്ടികൾക്ക് നഷ്ടമാകുന്നത് ഒരു കുടുംബത്തിലെ കൂട്ടായ്മയുടെ സുരക്ഷിതത്വമാണ്. ഒരു വീട്ടിലെ ചെറിയ ആൾ മുതൽ മുതിർന്ന ആൾ വരെ ഒരു മേശയ്ക്ക് വട്ടമിട്ടിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആരോഗ്യകരമായ വളർച്ച കുട്ടികൾക്ക് കൂടുതൽ ലഭിക്കും.
അതുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിന് മുൻപ്, അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ കഴുകുന്നത് കുട്ടികളെ ശീലിപ്പിക്കണം. കൈകൾ കഴുകുന്നതുകൊണ്ട് രോഗാണുക്കൾ തടയാൻ സാധിക്കുമെന്നും അവരെ പറഞ്ഞു മനസിലാക്കണം. ഇത് അവരെ ജീവിതത്തിൽ ശുചിത്വം കാത്തുസൂക്ഷിക്കാൻ പ്രാപ്തരാക്കും. ഭക്ഷണം പോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വ്യായാമം. നീന്തൽ, സൈക്കിൾ ചവിട്ടൽ, നടത്തം, ഓട്ടം തുടങ്ങിയ കായിക വിനോദങ്ങളിൽ അവരെ ഏർപ്പെടുത്താൻ അവസരമുണ്ടാക്കുക. അവരോടൊപ്പം ഇത്തരം വ്യായാമങ്ങളിൽ മാതാപിതാക്കൾക്കും കൂടാം. ഇത് കുട്ടികളിൽ കൂടുതൽ സന്തോഷവും ഉണർവും നൽകും.
Comments