പൂവിളി അങ്ങകലെ കേട്ടു തുടങ്ങി. എത്ര ദൂരെ ആയാലും മലയാളിയേയും കാത്ത് ഓണം എല്ലാ കൊല്ലവും എത്തുന്നു. കോലം മാറിയ മലയാളി പക്ഷേ ഓണം മാത്രം കൈവിട്ടുകളഞ്ഞില്ല . പഴമയുടെ കഥ പറഞ്ഞ്, പുതുമയുടെ ആഘോഷങ്ങളില്‍ മതിമറന്നു ഓണം നമ്മള്‍ ആഘോഷിക്കുന്നു. ചടങ്ങുകളിലും ആചാരങ്ങളിലും കാലത്തിനനുസരിച്ച മാറ്റങ്ങള്‍ വന്നു. ചില ആചാരങ്ങള്‍ കാലത്തിന്‍റെ വിസ്മൃതിയില്‍ എങ്ങോ മറഞ്ഞു. ചിലതിനെ വിട്ടുകൊടുക്കാതെ നമ്മള്‍ മുറുകെ പിടിച്ചു. ‘തൃക്കാക്കരയപ്പനെ വെയ്‌ക്കലും’ അത്തരത്തില്‍ ഒന്നാണ്. വിട്ടുകൊടുക്കാന്‍ മനസില്ലാതെ ചിലരെങ്കിലും അത് മുറുകെപിടിച്ചിരിക്കുന്നു.
കേരളത്തിന്‍റെ പല ഭാഗത്തും അത്തപൂക്കളത്തിന്നരികെ തന്നെ തൃക്കാക്കരപ്പനും ഒരു സ്ഥാനം കൊടുക്കാറുണ്ട്. മണ്ണ് കുഴച്ച് തൃകോണസ്തഭത്തിന്‍റെ രൂപത്തില്‍ വെച്ചിരിക്കുന്ന തൃക്കാക്കരപ്പനെ ചിത്രങ്ങളിലെങ്കിലും കണ്ടിട്ടില്ലാത്തവരുണ്ടാവില്ല . വടക്കന്‍ കേരളത്തിലാണ് ഈ ചടങ്ങ് പ്രധാനമായും കണ്ട് വരുന്നത്. ചിലയിടത്ത് വാമനനെ പ്രതിനിധീകരിച്ചാണെങ്കില്‍ മറ്റ് ചില സ്ഥലങ്ങളില്‍ വാമനനെയും മഹാബലിയെയും പ്രതിനിധീകരിച്ചാണ് മരത്തിലോ മണ്ണിലോ തീര്‍ത്ത ഇത്തരം രൂപങ്ങള്‍ പ്രതിഷ്ഠിക്കുന്നത് . ‘തൃക്കാക്കരയപ്പനെ വെയ്‌ക്കുക ‘ എന്നാണ് ചടങ്ങിന്‍റെ പേര് തന്നെ . ഉത്രാട ദിവസം വൈകുന്നേരമാണ് തൃക്കാക്കരയപ്പനെ വെയ്‌ക്കുന്നത്.
തൃക്കാക്കരയപ്പനെ വെച്ച് കഴിഞ്ഞാല്‍ പിന്നീട് ആ വീട്ടില്‍ മറ്റ് കര്‍മ്മങ്ങളൊന്നും ചെയ്യരുതെന്നാണ് വിശ്വാസം. നാല് മുഖങ്ങളുള്ള ഈ ത്രികോണാകൃതിയുടെ മുകള്‍ ഭാഗം പരന്നതായിരിക്കും . വര്‍ഷത്തിലൊരിക്കല്‍ വരുന്ന മാവേലി തമ്പുരാനെ, തൃക്കാക്കരയപ്പനെ വെച്ച് ആര്‍പ്പുവിളികളോടെ വീടുകളിലേക്ക് ക്ഷണിക്കുന്നു. രൂപത്തിന്‍റെ നാല് വശങ്ങള്‍ മനുഷ്യ ജീവിതത്തിലെ നാല് ഘട്ടങ്ങളെ സൂചിപ്പിക്കുന്നു എന്ന് കരുതുന്നവരുണ്ട്. വാമനന്‍ ചോദിച്ച മൂന്നടി മണ്ണിനെ പ്രതിനിധീകരിച്ചെന്നോണം മൂന്നു രൂപങ്ങളെ ആണ് സാധാരണയായി വെയ്‌ക്കുക .
ഉത്രാടദിവസം വൈകുന്നേരം തൃക്കാക്കരയപ്പനെ വെയ്‌ക്കുന്നതിനും പ്രത്യേക ചടങ്ങുകളുണ്ട് . മരത്തിലോ മണ്ണിലോ തീര്‍ത്ത ഇത്തരം രൂപങ്ങളെ നാക്കിലയില്‍ വെച്ച് പീഠത്തില്‍ ഇരുത്തുന്നു. പിന്നീട് പൂക്കള്‍ കൊണ്ടും തുളസിക്കതിർ കൊണ്ടും അലങ്കരിച്ച് , അരിമാവ് ഒഴിച്ച് തീര്‍ത്ഥം കൊണ്ട് ശുദ്ധീകരിച്ചു പൂജിക്കുന്നു. നിവേദ്യമായി അടയും പഴവും ആണ് നേദിക്കുക . ഈ ചടങ്ങുകളില്‍ തന്നെ പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
പുത്തന്‍ കാലത്ത് ചില ചടങ്ങുകളൊക്കെ അന്യം നിന്നുപോയെങ്കിലും ചില കുടുംബങ്ങളെങ്കിലും ഇത്തരം ചടങ്ങുകളുടെ തനിമ മായാതെ കാത്തുസൂക്ഷിക്കുന്നുണ്ട് . എല്ലാം കണ്ട് മാവേലി തമ്പുരാന്‍ , നാട് പഴയത് പോലെ തന്നെ എന്നാശ്വസിച്ച് മടങ്ങുമായിരിക്കാം .















