ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും മഹേന്ദ്ര സിംഗ് ധോണിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് അവസാനമായിട്ടില്ല. ധോണി കളി മതിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തില്‍ മുന്‍ പാകിസ്താന്‍ പേസ് ബൗളര്‍ ശുഐബ് അക്തറും ഉണ്ടെന്നതാണ് ശ്രദ്ധേയമാകുന്നത്.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ധോണി കളിക്കണമെന്നാണ് അക്തര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധോണിയെപ്പോലെ ഒരു താരത്തിന് വിരമിക്കല്‍ മത്സരം അനിവാര്യമാണ്. അങ്ങനെയെങ്കില്‍ ആ മത്സരം കാണാന്‍ ഇന്ത്യ മുഴുവന്‍ എത്തുമെന്ന് തനിക്ക് ഉറപ്പുണ്ട്. വിരമിക്കല്‍ ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ അത് നിരസിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധോണിയോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും അക്തര്‍ പറഞ്ഞു.
മുന്‍പ് ഇമ്രാന്‍ ഖാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സമയത്ത് ജനറല്‍ സിയാ ഉള്‍ ഹഖ് ആവശ്യപ്പെട്ടതിന് അനുസരിച്ച് ഇമ്രാന്‍ കളി തുടര്‍ന്ന കാര്യവും അക്തര്‍ ഓര്‍മ്മിപ്പിച്ചു. ധോണി കുറച്ച് ടി20 മത്സരങ്ങള്‍ കൂടി കളിക്കണമായിരുന്നു എന്നും ധോണിക്ക് അതിന് താത്പ്പര്യമുണ്ടോയെന്നതാണ് വിഷയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഐപിഎല്ലില്‍ ധോണി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അക്തര്‍ പറഞ്ഞു.















