ന്യൂഡല്‍ഹി: 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പും പാകിസ്താനെതിരായ കലാശപ്പോരാട്ടവും ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. ടൂര്‍ണമെന്റില്‍ അന്നത്തെ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് പ്രകടനം അത്ര മികച്ചതായിരുന്നില്ല. എങ്കിലും കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത ധോണി എന്ന നായകന്റെ മികവ് പല ഘട്ടങ്ങളിലും ടീമിന് തുണയായി.
നിര്‍ണായക ഘട്ടങ്ങളില്‍ ധോണി എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ തീരുമാനങ്ങളായിരുന്നു. വിക്കറ്റിനു പിന്നില്‍ നിന്ന് ബാറ്റ്‌സ്മാന്റെ നീക്കങ്ങള്‍ കൃത്യമായി വിലയിരുത്തി ബൗളിംഗില്‍ അതിന് അനുയോജ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് ധോണിയെ മറ്റ് നായകന്‍മാരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 2007 ലോകകപ്പിലെ ടീമിന്റെ ബൗളിംഗ് നിരയിലെ കുന്തമുനയായിരുന്ന ആര്‍.പി സിംഗിന് പറയാനുള്ളതും അത് തന്നെയാണ്.
കലാശപ്പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യ ഇറങ്ങിയപ്പോള്‍ ധോണിക്ക് കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. പാകിസ്താന്റെ അപകടകാരിയായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മലിനെ പുറത്താക്കിയതില്‍ ധോണിയുടെ നിര്‍ദ്ദേശങ്ങളാണ് വിജയം കണ്ടതെന്ന് ആര്‍.പി സിംഗ് പറഞ്ഞു. അക്മലിന്റെ കാലുകള്‍ ക്രീസില്‍ നിന്നും ചലിക്കുന്നില്ലെന്നും അതിനാല്‍ ക്ലീന്‍ ബൗള്‍ഡ് ആകുമെന്നും ധോണി പറഞ്ഞത് ആര്‍.പി സിംഗ് ഓര്‍ക്കുന്നു.
മറ്റുള്ള ചിന്തകളെല്ലാം മാറ്റിവെച്ച് മികച്ച ലൈനിലും ലെംഗ്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ധോണി നിര്‍ദ്ദേശിച്ചു. അക്മലിനെതിരായ തന്റെ പദ്ധതികള്‍ മറ്റൊന്നായിരുന്നു എന്നും എന്നാല്‍ ധോണിയുടെ നിര്‍ദ്ദേശ പ്രകാരം ബൗള്‍ ചെയ്തപ്പോള്‍ ഫലം കണ്ടെന്നും ആര്‍.പി സിംഗ് പറഞ്ഞു. ഫൈനലില്‍ ആര്‍.പി സിംഗിന്റെ ഗുഡ് ലെംഗ്ത് ബൗളില്‍ മോശമായ ഫുട് വര്‍ക്ക് കാരണം ക്ലീന്‍ ബൗള്‍ഡ് ആയാണ് അക്മല്‍ പുറത്തായത്.















