ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൊതു ജീവിതത്തിന് ആവേശമായി ഫുട്‌ബോള്‍ സ്‌റ്റേഡിയം ഒരുങ്ങുന്നു. അന്താരാഷ്‌ട്ര മത്സരങ്ങള്‍ വരെ നടത്താന്‍ പാകത്തിനുള്ള സ്റ്റേഡിയമാണ് കശ്മീരില്‍ പണിതുകൊണ്ടിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് ഭരണകൂടം അറിയിച്ചു. 18000 പേരെ ഉള്‍ക്കൊള്ളാനാകുന്ന സംവിധാനമാണ് കാണികള്‍ക്കായി ഒരുക്കുന്നത്. സ്റ്റേഡിയത്തില്‍ അത്‌ലറ്റിക് മത്സരങ്ങള്‍ക്കായി 8 ലൈന്‍ സിന്തറ്റിക് ട്രാക്കും നിര്‍മ്മിക്കുന്നുണ്ട്. കേന്ദ്രകായിക മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് കായിക വികസനം ത്വരിതപ്പെടുത്തുന്നത്.
ഫിഫയുടെ മാനദണ്ഡങ്ങളനുസരിച്ച് നാഷണല്‍ പ്രൊജക്ട്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണം നടത്തുന്നത്. 50 കോടിയാണ് സ്‌റ്റേഡിയം നിര്‍മ്മാണത്തിനായി വകയിരുത്തിയത്. കൊറോണ ലോക്ഡൗണ്‍ കാരണം രണ്ടുമാസം മുടങ്ങിയ ജോലികള്‍ പുനരാരംഭിച്ചതായും ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.















