മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജയിംസ് ആന്‍ഡേഴ്‌സണ്‍. പാകിസ്താനെതിരായ ടെസ്റ്റില്‍ 600 വിക്കറ്റുകള്‍ എന്ന ചരിത്ര നേട്ടമാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയിരിക്കുന്നത്. അസര്‍ അലിയെ പുറത്താക്കിയാണ് ആന്‍ഡേഴ്സണ്‍ 600-ാം വിക്കറ്റ് സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ പേസ് ബൗളറാണ് 38-കാരനായ ആന്‍ഡേഴ്സണ്‍. 17 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ ഇനി ആന്‍ഡേഴ്സന്റെ മുന്നിലുള്ളത് സ്പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണും അനില്‍ കുംബ്ലെയും മാത്രമാണ്. മുത്തയ്യ മുരളീധരനാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയത്. 800 വിക്കറ്റാണ് മുരളിയുടെ പേരിലുള്ളത്. ഷെയ്ന്‍ വോണ്‍ 708 വിക്കറ്റുമായി രണ്ടാമതും അനില്‍ കുംബ്ലെ 619 വിക്കറ്റുമായി മൂന്നാമതുമാണ്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പേസര്‍മാരുടെ പട്ടികയില്‍ ഗ്ലെന്‍ മക്ഗ്രാത്തിനൊപ്പം രണ്ടാമതാണ് ആന്‍ഡേഴ്‌സണ്‍. 29 തവണയാണ് ടെസ്റ്റില്‍ ഇരുവരും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയതിന്റെ റെക്കോഡും ആന്‍ഡേഴ്സന്റെ പേരിലാണ്.















