ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഒരിക്കൽ കൂടി തിരുവോണം വന്നെത്തി. തൊടികൾ നിറയെ വിവിധ ഇനം പൂക്കളും പച്ചക്കറികളും, പത്തായത്തിൽ നിറയെ നെല്ലും, കാർഷിക വിളകളും നിറച്ചുകൊണ്ട് പ്രകൃതി തന്നെ പൊന്നിൻ ചിങ്ങമാസത്തെ വരവേറ്റു. ഇനിയുള്ള നാളുകൾ മഹാബലി തമ്പുരാനെ വരവേൽക്കുവാനുള്ളതാണ്. കുടിൽ തൊട്ട് കൊട്ടാരം വരെ ഒരേ ആവേശത്തോടെ ആഘോഷിക്കുന്ന ദേശീയോത്സവമാണ് ഓണം. അത്തം മുതൽ തിരുവോണം വരെയുള്ള നാളുകളിലാണ് ഓണാഘോഷം നടക്കുന്നത്. വീട്ടുമുറ്റത്ത് വർണ്ണ വൈവിധ്യമുള്ള പൂക്കൾ കൊണ്ട് അത്തം മുതൽ പൂക്കളം തീർക്കുന്നു.
ഓണത്തിന്റെ ഒരുക്കങ്ങൾ വളരെ വിഭിന്നമാണ്. പൂരാടം വരെയുള്ള ഒരുക്കങ്ങളെല്ലാം ഒരുവിധം തീരുമെങ്കിലും ഓണത്തലേന്ന്, ഉത്രാട ദിവസം ഒരു വീട്ടിലെ എല്ലാവർക്കും തിരക്കാണ്. ഇനിയും പലതും തിരുവോണത്തിനായി ഒരുക്കാനുണ്ടെന്ന വേവലാതി ഓരോരുത്തരിലും ഉണ്ട്. കുട്ടികൾക്ക് പൂക്കളത്തിനുള്ള പൂക്കൾ തയാറാക്കണം, തൃക്കാക്കരയപ്പനെ കളിമണ്ണിൽ തീർക്കണം, മറ്റ് ഒരുക്കങ്ങൾ ചെയ്യണം, വിവിധ കളികളിൽ പങ്കെടുക്കണം. മുതിർന്നവർ ഓണവിഭവത്തിനുള്ള സാധനങ്ങൾക്കും, ഓണപ്പുടവ വാങ്ങുന്നതിനും, പച്ചക്കറി കൊണ്ടുവരുവാനുമുള്ള തിരക്കിലാണ്.
സ്ത്രീകൾക്കാകട്ടെ അടുക്കളയിൽ പിടിപ്പതു ജോലിയുണ്ട്. അതുകഴിഞ്ഞ് ഓണക്കളികളിൽ രണ്ട് ചുവട് വെയ്‌ക്കണം. ചുരുക്കത്തിൽ ഉത്രാടദിനം എല്ലാവർക്കും തിരക്കോടു തിരക്കുതന്നെ! കടകമ്പോളങ്ങളിൽ അധികം ജനങ്ങൾ എത്തിച്ചേരുന്ന ദിവസമാണ് ഉത്രാടം. ‘ഉത്രാടച്ചന്ത’ പ്രസിദ്ധമാണ്. ജനങ്ങളുടെ എന്തിനേതിനോ വേണ്ടിയുള്ള ഈ യാത്രയെയാണ് ‘ഉത്രാടപാച്ചിൽ’ എന്ന് പറയുന്നത്. പിറ്റേന്ന് തിരുവോണമാണ്. മഹാബലിയെ വരവേൽക്കണം, സദ്യയൊരുക്കണം. വിനോദങ്ങളിൽ ഏർപ്പെടണം. ബന്ധുവീടുകളിൽ പോകണം. എത്ര ശ്രേഷ്ഠമായ ഒരുത്സവകാലം!















