ഇന്ത്യന്‍ ക്രിക്കറ്റില്‍ എല്ലാക്കാലത്തും മികച്ച കളിക്കാര്‍ ധാരാളമുണ്ടായിട്ടുണ്ട്. ഓരോ സമയത്തും ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങള്‍ മൈതാനത്ത് നടത്തുന്ന മാജിക് പ്രകടനങ്ങള്‍ ആരാധകര്‍ക്ക് എല്ലാക്കാലത്തും ഹരമായിരുന്നു. അപ്പോഴും ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍ ആരെന്നതിന് പലപ്പോഴും ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഗവാസ്‌കറും തന്റെ എക്കാലത്തേയും ഒന്നാം നമ്പര്‍ കളിക്കാരനെ തിരഞ്ഞെടുത്തിട്ടുണ്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി ഈ പേരുകളായിരിക്കും ആദ്യം പലരുടേയും മനസില്‍ ആദ്യം വരുന്നത്. എന്നാല്‍ ഗവാസ്‌കറിനെ സംബന്ധിച്ച് ഇന്ത്യയുടെ നമ്പര്‍ വണ്‍ ക്രിക്കറ്റ് കളിക്കാരന്‍, 1983ല്‍ ഇന്ത്യയ്‌ക്ക് ആദ്യത്തെ ലോകകപ്പ് നേടിത്തന്ന കപില്‍ ദേവാണ്. ‘എല്ലാത്തിനും മുകളില്‍ കപില്‍ ദേവ് ആയിരിക്കും. എന്നെ സംബന്ധിച്ച് അദ്ദേഹം എന്നും ഒന്നാം സ്ഥാനത്താണ്. എക്കാലത്തേയും ഒന്നാം നമ്പര്‍ കപില്‍ ദേവ് ആയിരിക്കും’ ഗവാസ്‌കര്‍ പറഞ്ഞു.
ഹരിയാന ഹരികെയ്ന്‍ എന്നറിയപ്പെടുന്ന കപില്‍ ദേവ് നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കാണ് വലിയ പ്രചോദനമായി മാറിയത്. 1983ല്‍ ഇന്ത്യയ്‌ക്ക് കന്നികീരിടം ലഭിക്കാന്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ബാറ്റിംഗിലും ബോളിംഗിലും ഒരു പോലെ ശ്രദ്ധിച്ച് അദ്ദേഹം ടീമിനെ നയിച്ചു. ഈ രണ്ട് മേഖലകളിലും ഒരേ പോലെ പ്രാഗത്ഭ്യം തെളിയിച്ചാണ് കപില്‍ ഇന്ത്യന്‍ ടീമിനെ കര കയറ്റിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച് ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കപില്‍ദേവെന്നും ഗവാസ്‌കര്‍ പറഞ്ഞു.
‘ ബാറ്റ് ഉപയോഗിച്ചും ബോള്‍ ഉപയോഗിച്ചും മത്സരത്തില്‍ ജയിക്കാനാകും. അദ്ദേഹം വിക്കറ്റുകള്‍ നേടി നിങ്ങള്‍ക്കായി മത്സരം ജയിക്കും. മികച്ച സ്‌കോര്‍ നേടി കളിയുടെ ഗതി തന്നെ മാറ്റാന്‍ അദ്ദേഹത്തിന് കഴിയും. ബാറ്റ് ഉപയോഗിക്കാന്‍ കപില്‍ വിദഗ്ധനാണ്, ബോള്‍ ഉപയോഗിക്കാനും മിടുക്കനാണ്, അപ്പോഴും അദ്ദേഹം നേടിയ ക്യാച്ചുകളെക്കുറിച്ചും പറയാതിരിക്കാനാകില്ല. ഒരു സമ്പൂര്‍ണ്ണ ക്രിക്കറ്റ് കളിക്കാരനാണ് കപില്‍’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
1994 വരെ ഇന്ത്യയ്‌ക്കായി കളിച്ച കപില്‍ ദേവ് 131 ടെസ്റ്റുകളിലും 225 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി യഥാക്രമം 5248, 3783 റണ്‍സ് നേടി. രണ്ട് വിഭാഗങ്ങളിലുമായി 434, 253 വിക്കറ്റുകളും നേടി.















