മുംബൈ: സുരേഷ് റെയ്‌ന ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കില്ലെന്ന വാര്‍ത്ത ഏറെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകരെയെല്ലാം. ചെന്നൈ ടീമിനൊപ്പം ടൂര്‍ണമെന്റിനായി യുഎഇയിലെത്തിയ റെയ്‌ന വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഐപിഎല്‍ സീസണില്‍ നിന്നും പിന്മാറിയത്. സുരേഷ് റെയ്‌നയുടെ പിന്മാറ്റത്തിന്റെ കാരണമെന്താണെന്നാണ് ഇപ്പോള്‍ കായിക ലോകം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.
അമ്മാവന്റെ (അച്ഛന്റെ സഹോദരീ ഭര്‍ത്താവ്) മരണമാണ് റെയ്‌നയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബിലെ പത്താന്‍കോട്ടിലെ തരിയല്‍ ഗ്രാമത്തിലാണ് റെയ്‌നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 ന് ഇവരുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. ഒരു സംഘം ആളുകള്‍ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ റെയ്‌നയുടെ അമ്മായിക്കും അമ്മാവനും ഗുരുതരമായ പരിക്കേറ്റിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം റെയ്‌നയുടെ അമ്മാവന്‍ അശോക് കുമാര്‍ മരിച്ചു. അമ്മായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അശോക് കുമാറിന്റെ അമ്മയ്‌ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അതേസമയം ആക്രമണത്തിന് പിന്നിലുള്ളവരെ കുറിച്ചുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അര്‍ദ്ധ രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന അശോക് കുമാറിനെയും കുടുംബത്തേയും അജ്ഞാത സംഘം മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.















