മാഞ്ചസ്റ്റര്‍: ലിവർപൂളിനെ തകർത്ത് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം സ്വന്തമാക്കി ആഴ്‌സണൽ. നിശ്ചിത സമയത്ത് ഇരുടീമുകളും ഒരു ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടാണ് (5-4) വിധിയെഴുതിയത്. ഇരു ക്ലബ്ബുകളുടെയും 2020-21 സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.
അർട്ടേറ്റ ചുമതലയേറ്റെടുത്തതിനു ശേഷം ആഴ്‌സണൽ രണ്ടാമത്തെ കിരീടമാണ് സ്വന്തമാക്കുന്നത്. മത്സരത്തിലെ ആദ്യ ഗോൾ ആഴ്‌സണലിന്റെ വകയായിരുന്നു. 12ആം മിനിറ്റിൽ ഒബാമയാങ് ആഴ്‌സണലിനെ മുന്നിലെത്തിച്ചു. ഗോൾ വഴങ്ങിയ ശേഷം മത്സരത്തിൽ തിരിച്ചു വരാൻ ലിവർപൂൾ കിണഞ്ഞു ശ്രമിച്ചെങ്കിലും ആഴ്‌സണലിന്റെ പ്രതിരോധം ഉറച്ചു നിന്നു. രണ്ടാം പകുതിയിൽ ലിവർപൂൾ ആരാധകർ കാത്തിരുന്ന സമനില ഗോൾ എത്തി. പകരക്കാരനായിറങ്ങിയ മിനാമിനോ 73ആം മിനിറ്റിൽ ലിവർപൂളിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.
സമനിലഗോൾ നേടിയതിനു പിന്നാലെ വിജയത്തിനായി ഇരുവരും ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഇതോടെ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങി. അവസാന മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റയാൻ ബ്ര്യൂസ്റ്ററാണ് ലിവർപൂളിന്റെ കിരീടമോഹങ്ങൾക്ക് തിരിച്ചടി നൽകിയത്. താരം എടുത്ത മൂന്നാമത്തെ കിക്ക് പോസ്റ്റിന്റെ മുകളിൽ തട്ടി പുറത്തു പോവുകയായിരുന്നു. ബാക്കിയെല്ലാ കിക്കുകളും ലക്ഷ്യം കണ്ടപ്പോൾ അവസാന കിക്കെടുത്ത നായകൻ ഒബാമയാങ് തന്നെയാണ് സീസണിൽ ആഴ്‌സണലിന്റെ ആദ്യകിരീടം ഉറപ്പിച്ചത്.















