വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ അതിശയിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് ലോക്തക് തടാകം. ഇംഫാലിൽ നിന്ന് 53 കിലോമീറ്റർ അകലെയുള്ള ഈ അത്ഭുത തടാകം മണിപ്പൂരിലെ വിദേശികൾക്ക് സന്ദർശിക്കാൻ അനുവാദമുള്ള സ്ഥലങ്ങളിൽ ഒന്നാണ്. ഏറ്റവും രസകരമായ കാര്യം – പൊങ്ങി കിടക്കുന്ന ദ്വീപുകൾക്ക് പ്രസിദ്ധമായ ഈ തടാകം , മുകളിൽ നിന്ന് നോക്കിയാൽ ദ്വീപുകളാൽ നിറഞ്ഞതാണെന്ന് തോന്നും പക്ഷേ യഥാർത്ഥത്തിൽ ഇവ ദ്വീപുകളല്ല മറിച്ചു സസ്യജാലങ്ങൾ, ജൈവവസ്തുക്കൾ, മണ്ണ് എന്നിവയുടെ ശേഖരമാണ് .
ഏകദേശം 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോക്തക് തടാകത്തിന്റെ അതിലോലമായ പ്രദേശത്തിന്റെ മുകളിൽ നിന്ന് കാണപ്പെടുന്ന ദ്വീപുകൾ പോലെ തോന്നിപ്പിക്കുന്ന ഫംഡിസ് എന്നറിയപ്പെടുന്ന സസ്യജാലങ്ങളുടെയും , ജൈവവസ്തുക്കളുടെയും , മണ്ണിന്റെയും ശേഖരം വർഷങ്ങൾ കൊണ്ട് സ്വാഭാവികമായി രൂപം കൊള്ളുന്ന ഒന്നാണ് .
സസ്യജാലങ്ങളുടെയും ജൈവവസ്തുക്കളുടെയും ശേഖരം തടാകത്തിന് താഴെയായി മഞ്ഞുമലകൾ പോലെയായണ് സ്ഥിതികൊള്ളുന്നത് . അതിനാൽ തന്നെ വേനൽകാലത്ത് അവയുടെ വേരുകൾ തടാകത്തിന്റെ കരയിലേക്ക് എത്തുകയും ആവശ്യത്തിന് പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു . കൂടാതെ മഴക്കാലത്ത് ഇവ വീണ്ടും നന്നായി തഴച്ചു വളരുകയും രണ്ടടിയോളം ഉയരം വെക്കുകയും ചെയ്യുന്നു .
പൊങ്ങി കിടക്കുന്ന ദ്വീപ് പോലുള്ള പ്രദേശങ്ങളിൽ വീട് കെട്ടി താമസിക്കുന്ന പ്രദേശവാസികളുണ്ട്. എന്നാലും സൂര്യനസ്തമിക്കാൻ തുടങ്ങുന്ന സമയങ്ങളിൽ തടാകം കാഴ്ചയിൽ മനോഹരമായി തീരുന്നു . പ്രദേശവാസികളിൽ മൽസ്യത്തൊഴിലാളികൾ മീൻ പിടിക്കുന്നതിനിടയിൽ ഇടക്കിക്കിടക്ക് ഉണ്ടാക്കുന്ന ശബ്ദം ഒഴിച്ചാൽ നിശബ്ദവും സുന്ദരവുമാണ് രാത്രികാലങ്ങളിൽ ലോക്തക് തടാകം.
ലോക്തക് തടാകം നിരവധി പേരുടെ ജീവിതമാർഗമാണ്. മത്സ്യത്തൊഴിലാളികൾ അവരുടെ ദൈനംദിന വരുമാന മാർഗ്ഗത്തിനായും മറ്റുള്ളവർ ജലസേചനം, ജലവൈദ്യുതി ഉൽപാദനം, കുടിവെള്ള വിതരണം എന്നിവയ്‌ക്കായും ഇതിനെ ആശ്രയിക്കുന്നു. മുള, പാറ, മെറ്റൽ പ്ലേറ്റ്, വടി എന്നിവകൊണ്ട് ഫംഡിസിൽ നിർമ്മിച്ച കുടിലുകളിൽ 3000 ത്തിലധികം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ താമസിക്കുന്നുണ്ട് . കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് സ്കൂളും നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും .
മനുഷ്യരെ കൂടാതെ 425 ഇനം മൃഗങ്ങളും നൂറിലധികം ഇനം പക്ഷികളും 233 ഇനം ജല സസ്യങ്ങളും ഈ തടാകത്തിൽ ഉണ്ട്. ഭാഗ്യമുണ്ടെങ്കിൽ ലോക്തക് തടാകം സന്ദർശിക്കുന്നവർക്ക് ഫംഡിസിനു ചുറ്റും സംഘമായി നൃത്തം ചെയ്യുന്ന മാനുകളുടെ കാഴ്ച കാണാൻ സാധിക്കും .
ഇനി ഒരു വിനോദയാത്രക്ക് പദ്ധതി തയ്യാറാക്കുമ്പോൾ ലോക്തക് തടാകത്തെ ഉൾപെടുത്താൻ ആലോചിക്കാവുന്നതാണ് .















