ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ വനിതാ കിരീടം ജപ്പാന്റെ നവോമി ഒസാക്ക നേടി. ബെലാറൂസിന്റെ വിക്ടോറിയ അസാരങ്കയെയാണ് കലാശ പോരാട്ടത്തില്‍ ഒസാക്ക തോല്‍പ്പിച്ചത്. ടൂര്‍ണ്ണമെന്റിലെ നാലാം സീഡ് ഒസാക ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് കിരീടം നേടിയത്. മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസാരങ്ക ശക്തമായ മുന്നേറ്റത്തോടെ 6-1ന് ആദ്യ സെറ്റ് നേടിയെങ്കിലും യുവത്വത്തിന്റെ കരുത്തില്‍ ഒസാക്ക 6-3, 6-3ന് രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു. 2018ലെ കിരീട ജേതാവാണ് ഒസാക്ക. ഇതോടെ 22 കാരിയായ ഒസാക്ക മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാമാണ് ഒസാക്ക സ്വന്തമാക്കിയത്. 2019ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ ശേഷം ഒസാക്കയുടെ പ്രധാന കിരീട നേട്ടമാണിത്.
ഏഴു വര്‍ഷത്തിന് ശേഷം ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കളിക്കാനിറങ്ങിയ അസാരങ്ക ടൂര്‍ണ്ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് നടത്തിയത്. സെമിഫൈനലില്‍ ശക്തയായ സെറീനാ വില്യംസിനെയാണ് അസാരങ്ക മുട്ടുകുത്തിച്ചത്. ഒരു മണിക്കൂറും അമ്പത്തിമൂന്ന് മിനിറ്റുകളും നീണ്ട പോരാട്ടത്തിനൊടുവിലാണ് അസാരങ്ക തോല്‍വി സമ്മതിച്ചത്.
Comments