ന്യൂഡല്‍ഹി: വിക്രം-1 റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്‌കൈറൂട്ട് എയറോസ്പേസിലെ യുവശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, താന്‍ ഉദ്ദേശിച്ചത് 56 വയസ്സുള്ള ഒരു ‘യുവാവിനെ’ക്കുറിച്ചല്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ത്തി. പ്രധാനമന്ത്രിയെ യുവാക്കള്‍ വെറുക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം.
ഡല്‍ഹിയില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. സ്‌കൈറൂട്ട് എയറോസ്പേസിലെ പ്രവര്‍ത്തകരുടെ ശരാശരി പ്രായം വെറും 28 വയസ്സാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ യുവതലമുറയാണ് രാജ്യത്തെ ബഹിരാകാശ മേഖലയിലെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതെന്ന് പറഞ്ഞു.
‘ഇന്ത്യന്‍ യുവാക്കള്‍ ബഹിരാകാശത്ത് പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നത്. ഇവരെപ്പോലുള്ള യുവപ്രതിഭകളാണ് രാജ്യത്തിന്റെ അഭിമാനം,’ എന്ന് മോദി പറഞ്ഞു. തുടര്‍ന്നായിരുന്നു, ‘ഞാന്‍ പറയുന്നത് 56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല,’ എന്ന പരിഹാസ പരാമര്‍ശം. ഇത് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടുള്ള പ്രതികരണമാണെന്ന വിലയിരുത്തലാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ നടത്തുന്നത്.
സ്‌കൈറൂട്ട് എയറോസ്പേസിന്റെ വിക്രം-1 ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ സ്വകാര്യ ബഹിരാകാശ മേഖലയ്‌ക്ക് പുതിയ കരുത്ത് പകരുന്നതാണെന്നും ഇന്ത്യന്‍ യുവജനങ്ങളുടെ കഴിവിന്റെ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.















