ദോഹ : പലസ്തീന് സംഘര്‍ഷത്തിനു രമ്യമായ പരിഹാരമുണ്ടാകാത്ത കാലത്തോളം ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലുല്‍വ ബിന്ത് റാഷിദ് അല്‍ ഖദീര്‍. യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ മൂന്നു വര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ പുരോഗതി ഉണ്ടാകുമെന്നും ബ്ലൂംബെര്‍ഗിനു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത അമേരിക്കന്‍ ഭരണകൂടത്തിനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഏറെ അലോസരമുണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ യുഎസ് മുന്‍കൈയെടുത്ത് രണ്ടു മാസം മുമ്പ് മാധ്യസ്ഥ ചര്‍ച്ച ആരംഭിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി. ഉപരോധം പൂര്വസ്ഥിതിയിലാക്കുന്നതല്ല പ്രധാനപ്രശ്നം, പലസ്തീന് ജനതയുടെ ദുരിതജീവിതമാണെന്നും മന്ത്രി വിശദീകരിച്ചു.
Comments