ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചെന്ന് മിസോറം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള. പ്രധാനമന്ത്രി ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിന്റെ ആറ് മഹത്തായ വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ പോളിസി ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച വെബിനറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ പരിപാടികളും നയങ്ങളും ചൈനയും പാകിസ്താനും ഒഴികെയുള്ള മറ്റെല്ലാ ലോക രാജ്യങ്ങളുമായി സൗഹൃദത്തിലാകാന്‍ കാരണമായി. ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി സ്വീകരിച്ച നടപടികള്‍ വളരെ മികച്ചതായിരുന്നു. അത് പ്രശ്നബാധിതമായ സംസ്ഥാനത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന നടപടിയാണെന്നും രാജ്യത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
വികസനത്തില്‍ രാജ്യം അതിവേഗം മുന്നേറുകയാണ്. ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് നേട്ടങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അതുവഴി രാജ്യത്ത് സ്വാശ്രയത്വം ഉണ്ടാകുകയാണെന്നും മിസോറം ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രി അദ്വിതീയനാണെന്നും അദ്ദേഹത്തിന്റെ പദ്ധതികള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്നും മുന്‍ കേന്ദ്രമന്ത്രി പിസി തോമസും വ്യക്തമാക്കി.
Comments