ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ അതി ശൈത്യം ആരംഭിച്ചതിന് പിന്നാലെ നിയന്ത്രണ രേഖയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ച് ചൈന. ശൈത്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിലവില്‍ വിന്യസിച്ച സൈനികര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൈനികരെ എത്തിക്കുന്നത്. ശാരീര ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൈനികരില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവരമുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 16,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായ് ലഡാക്കില്‍ കഴിഞ്ഞ നാല് ദിവസമായി അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. ഇത് സൈനികരില്‍ സാരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സൈനികര്‍ക്ക് പകരം വിന്യസിക്കാനാണ് പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ ചൈന എത്തിച്ചിരിക്കുന്നത്. സൈനികര്‍ക്ക് ചികിത്സ നല്‍കുന്നതിനായി ഫിംഗര്‍ 6 ന് സമീപത്തായി ചൈന താത്കാലിക ആശുപത്രി നിര്‍മ്മിച്ചിട്ടുണ്ട്.
അതേസമയം പ്രദേശത്തെ കാലാവസ്ഥയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തണുപ്പിനെ പ്രതിരോധിക്കാനുള്ള ശേഷി സൈനികര്‍ നേടിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ സംവിധാനങ്ങളെല്ലാം പ്രദേശത്ത് തയ്യാറാണ്. അതിര്‍ത്തിയിലെ ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments