എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വെച്ച ഒരു സിനിമയായിരുന്നു അനന്തഭദ്രം. വ്യത്യസ്തമായ കഥ പറഞ്ഞ ഈ സിനിമ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സന്തോഷ് ശിവന് സംവിധാനം ചെയ്ത ഈ ചിത്രം 2005 ലാണ് പുറത്തിറങ്ങിയത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മലയാളി മനസ്സില്‍ ഇന്നും മായാതെ നില നില്ക്കുന്നു. കാലം എത്ര പുരോഗമിച്ചാലും നാഗ കാവുകളും മന്ത്രിക കളങ്ങളുമെല്ലാം മലയാളി മനസ്സില്‍ നിന്നും ഇന്നും വിട്ടുമാറിയിട്ടില്ല. അതുകൊണ്ടു തന്നെ നാഗമാണിക്യത്തിന്റേയും നാഗ കാവുകളുടേയും കഥ പറഞ്ഞ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
അപൂര്‍വ്വ ശക്തിയുളള മാന്ത്രികനായ ദിഗംബരനും അന്ധനായ ചെമ്പനും ശിവകാവില് വിളക്കു വെയ്ക്കാന്‍ വന്ന അനന്തനും ദേവിയായി കണക്കാക്കപ്പെട്ട ഭാമയും എന്തിനേറെ കുഞ്ഞൂട്ടന് എന്ന കുഞ്ഞു നാഗം ഉള്‍പ്പെടെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നവയാണ്. പകയും പ്രതികാരവും പ്രണയവും കൂടി ചേര്‍ന്ന് മന്ത്രവാദ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ഈ ചിത്രം ദൃശ്യ ചാരുത കൊണ്ടും ഏറെ സമ്പന്നമായിരുന്നു. സുനില്‍ പരമേശ്വരന് തിരക്കഥ എഴുതിയിരിക്കുന്ന അനന്തഭദ്രം മണിയന്‍പിള്ള രാജുവാണ് നിര്‍മ്മിച്ചത്.
പൃഥ്വിരാജ്, മനോജ് കെ. ജയന്, കലാഭവന്‍ മണി ബിജു മേനോന്, കാവ്യ മാധവന്, റിയ സെന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനോജ് കെ. ജയന്റെ ദിഗംബരന് എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയത്. പതിനഞ്ചു വര്‍ഷത്തിനിപ്പുറവും ദിഗംബരന്റെ തന്ത്രങ്ങളും മാന്ത്രിക വിദ്യയും മായാതെ നിലനില്ക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണനാണ് സംഗീതം നല്‍കിയത്
Comments