ദോഹ: അൾട്രാവയലറ്റ് കാബിൻ സിസ്റ്റം ഉപയോഗിച്ച് വിമാനം അണുവിമുക്തമാക്കുന്ന ആദ്യ എയർലൈൻ ആയി ഖത്തർ എയർവേസ്. രാസവസ്തുക്കൾ ഇല്ലാതെ വിമാനത്തിനുള്ളിലെ വൈറസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നതാണ് ഈ സംവിധാനം. അൾട്രാവയലറ്റ് രശ്മികളിലൂടെ വിമാന സീറ്റുകളും പ്രതലങ്ങളും കാബിനുകളും ശുചിയാക്കാം. വിമാനത്തിൽ ഭക്ഷണ,പാനീയ വിതരണത്തിന് ഉപയോഗിക്കുന്ന ട്രോളിയുടെ വലുപ്പമേയുള്ളൂ ഹണിവെല്‍ സജ്ജമാക്കിയിരിക്കുന്ന ഈ സംവിധാനത്തിന്. ആറ് ഹണിവെൽ യുവി കാബിൻ സിസ്റ്റം ആണ് ഖത്തർ എയര്‍വേയ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഖത്തർ എയർവേസിന്റെ വിമാനങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഫലപ്രാപ്തി ബോധ്യപ്പെട്ടതിനാലാണ് ഇവ വാങ്ങിയതെന്നും വൈകാതെ കൂടൂതൽ യുവി കാബിൻ സിസ്റ്റങ്ങള്‍ വാങ്ങുമെന്നും ഖത്തർ എയർവേസ് അധികൃതര്‍ അറിയിച്ചു. യുവി കാബിൻ സിസ്റ്റം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ വ്യോമയാന കമ്പനിയായതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു. കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ യാത്രികരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയ്ക്കു വലിയ പ്രാധാന്യമാണ് നൽകുന്നത്. കോവിഡിന്റെ തുടക്കം മുതൽ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിന് പുതിയ സംവിധാനങ്ങളാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments