കാറിന്റെ മൈലേജ് കുറവാണല്ലോ എന്നതാണോ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം. കാറിന്റെ മൈലേജ് കുറയാനുള്ള കാരണങ്ങളിൽ ചിലത് പറയാം.
കാറിന്റെ മൈലേജ് കുറയാനുള്ള ആദ്യ കാരണമായി പറയുന്നത് അശ്രദ്ധമായി വാഹനം ഓടിക്കുന്നത് തന്നെയാണ്. അകാരണമായി ആക്സിലറേറ്ററും ബ്രേക്കും ചവിട്ടുന്നത് മൈലേജ് കുറയാൻ കാരണമാകും.
കുറെ നേരം വാഹനം നിശ്ചലാവസ്ഥയിൽ ഇരിക്കുമ്പോഴും എഞ്ചിൻ പ്രവർത്തിപ്പിക്കുന്നതും മൈലേജ് കുറയാനുള്ള കാരണം തന്നെ. തിരക്ക് നിറഞ്ഞ റോഡിലൂടെ വാഹനം ലോവർ ഗിയറിലാണല്ലോ നാം ഓടിക്കുക. ഇത് എഞ്ചിൻ കൂടുതൽ ഇന്ധനം എടുക്കാൻ കാരണമാവുകയും കാർ മൈലേജ് കുറയാൻ ഇടയാക്കുകയും ചെയ്യും.
പെട്ടെന്ന് ആക്സിലറേറ്റർ ചവിട്ടി എഞ്ചിൻ സൗണ്ട് കൂട്ടുന്നതും ഒരു കാരണം തന്നെ.
മാലിന്യങ്ങൾ ഇല്ലാതെ വായുവിനെ എഞ്ചിനിലേക്ക് കടത്തി വിടുക എന്നതാണ് എയർ ഫിൽറ്ററുകളുടെ ജോലി. കൃത്യമായ സമയത്ത് ഇതിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ എഞ്ചിൻ പ്രവർത്തനത്തിനുള്ള വായു എഞ്ചിന്റെ ഉള്ളിലേക്ക് പ്രവേശിക്കാതിരിക്കുകയും ഇത് ജ്വലന പ്രക്രിയയെ ബാധിക്കുകയും കരുത്തുത്പാദനം കുറയുകയും ഇത് ഇന്ധന ക്ഷമത കുറയാൻ കാരണമാവുകയും ചെയ്യും.
വാഹനത്തിലെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ഘർഷണം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഓയിലിന്റെ അളവ് കുറയുന്നത് ഭാഗങ്ങൾക്കിടയിലെ ഘർഷണം കൂടാൻ കാരണമാകുന്നു. ഇത് അവയ്ക്കിടയിലെ താപം വർധിപ്പിക്കുന്നു. തന്മൂലം എഞ്ചിന് കൂടുതലായി പ്രവർത്തിക്കേണ്ടി വരും. ഇത് എഞ്ചിൻ ഉപഭോഗം കൂടാൻ കാരണമാകും.
വാഹനത്തിന്റെ മൈലേജിനെ സ്വാധീനിക്കുന്ന മറ്റ് രണ്ട് ഘടകങ്ങൾ ആണ് ടയറിന്റെ അലൈന്മെന്റും മർദ്ദവും. ഇവ രണ്ടും ശരിയായ രീതിയിൽ അല്ലെങ്കിൽ ഇന്ധന ഉപഭോഗം വർധിക്കാൻ കാരണമാകും. വാഹനങ്ങളുടെ ടയറിന്റെ വലുപ്പം വർധിപ്പിക്കുന്നത് എഞ്ചിൻ കൂടുതലായി പ്രവർത്തിക്കാൻ ഇട വരുത്തും. ഇത് മൈലേജ് കുറയാൻ കാരണമാകും.
ഫ്യൂവൽ പമ്പിൽ ഉണ്ടാകുന്ന തകരാറുകളും വാഹനത്തിന്റെ മൈലേജിനെ ബാധിക്കും. ഫ്യൂവൽ പമ്പിൽ കരട് ഉണ്ടെങ്കിൽ ശരിയായ അളവിൽ ഇന്ധനം എത്തിച്ചേരുകയില്ല. ഇത് എഞ്ചിൻ പ്രവർത്തനത്തെ അവതാളത്തിലാക്കുന്നു. തന്മൂലം വാഹനത്തിന്റെ മൈലേജും കുറയാൻ കാരണമാകുന്നു.
മോശമായ ഇന്ധനം നിറയ്ക്കുന്നതും വാഹനത്തിന്റെ മൈലേജ് കുറയാൻ കാരണമാകും.
Comments