ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് മികച്ച ഓഫറുമായി ബി എസ് എൻ എൽ. എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും ഒക്ടോബർ 31 വരെ 25 ശതമാനം അധിക ഡേറ്റ ബി എസ് എൻ എൽ പ്രഖ്യാപിച്ചു. പുതിയ വരിക്കാർക്കും നിലവിലെ ഉപഭോക്താക്കൾക്കും ഓഫർ ലഭ്യമാണ്.
ഡേറ്റാ ഉപയോഗത്തിനായി പ്രത്യേക താരിഫ് വൗച്ചറുകൾ തെരഞ്ഞെടുത്തവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ബി എസ് എൻ എൽ അറിയിച്ചു. ബിസിനസ് രംഗത്ത് 20 വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ ബി എസ് എൻ എൽ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ സർക്കിളുകളിലും ഓഫർ ലഭ്യമാകും. നിലവിൽ വിവിധ പ്ലാനുകൾ അനുസരിച്ച് ലഭിക്കുന്ന ഡേറ്റയുടെ 25 ശതമാനം അധികമാണ് ഉപഭോക്താക്കൾക്ക് ഈ മാസം ലഭിക്കുക. അതേസമയം വോയ്‌സ് കോൾ, എസ്എംഎസ് എന്നിവയ്‌ക്ക് മാത്രമായി റീച്ചാർജ് ചെയ്തവർക്ക് ഓഫർ ആനുകൂല്യം ലഭിക്കില്ല.















