സാഗ്രേബ്: ഫ്രാന്‍സിന്റെ സൂപ്പര്‍താരം ഗ്രീസ്മാന് 2022 ലോകകപ്പ് ഫുട്ബോള്‍ ടീമിലുണ്ടാകാനിടയില്ലെന്ന് കോച്ച്. ഫ്രാന്‍സിന്റെ ദേശീയ ടീം പരിശീലകനായ ദീദിയര്‍ ഡെഷാംപ്സാണ് സംശയം പ്രകടിപ്പിച്ചത്. ദേശീയ ടീമിലെ പൂര്‍വ്വകാല നേട്ടങ്ങള്‍ പരിഗണിച്ചാവില്ല ടീം സെലക്ഷനെന്നാണ് പരിശീലകന് മുന്നറിയിപ്പ് നല്‍കുന്നത്. ബാഴ്സലോണയില്‍ കളിക്കുന്ന ഗ്രീസ്മാന് അത്ര മികച്ച ഫോമിലല്ലെന്നതാണ് സെലക്ഷനെ ബാധിക്കുക. 29 വയസ്സുകാരനായ ഗ്രീസ്മാന് യൂറോ 2016ലെ ഗോള്‍ വേട്ടക്കാരനായിരുന്നു.രണ്ടു വര്‍ഷം മുമ്പ് ഫ്രാന്‍സ് ലോകകപ്പ് കിരീടം നേടിയതിലും ഗ്രീസ്മാന് മുഖ്യപങ്കുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി അത്ര മികച്ച ഫോമിലല്ല.
അടുത്തകാലത്തെ നേട്ടത്തിനപ്പുറം മികച്ച താരമെന്ന നിലയിലാണ് ഗ്രീസ്മാന് അറിയപ്പെടുന്നത്. രാജ്യത്തിനായി 81 മത്സരങ്ങളിലായി 32 ഗോളുകളും 21 ഗോളുകള്‍ക്ക് കാരണക്കാരനായതും തള്ളിക്കളയുന്നതെങ്ങനെയെന്നാണ് ആരാധകരുടെ ചോദ്യം. 2020ൽ നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫ്രാന്‍സ് മൂന്നാം സ്ഥാനത്താണ്.















