മുംബൈ : സ്മാർട്ട് വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങി മൈക്രോമാക്സ്. ‘ഇൻ’ എന്ന പേരിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ചുകൊണ്ടാണ് മൈക്രോമാക്സിന്റെ വരവ്. ആത്മനിർഭർ ഭാരത് എന്ന നയം സാക്ഷാൽക്കരിക്കുന്നതിന് ഒരു പടി കൂടി അടുക്കുന്ന, കേന്ദ്രം അംഗീകരിച്ച പിഎൽഐ പദ്ധതിയുടെ ചുവടു പിടിച്ചാണ് ഈ പ്രഖ്യാപനമെന്ന് കമ്പനി അറിയിച്ചു.
ഇൻ എന്ന ബ്രാൻഡിലൂടെ ഇന്ത്യൻ വിപണിയിലെ തിരിച്ചുവരവിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് മൈക്രോമാക്സിന്റെ സഹസ്ഥാപകനായ രാഹുൽ ശർമ പറഞ്ഞു. ഇന്ത്യ എന്ന വാക്ക് അല്ലെങ്കിൽ ‘ഇൻ’ എന്നത് നിങ്ങൾക്ക് ഉത്തരവാദിത്തബോധം പകരുന്നു. ഇത് ഒരു ബില്യൺ പ്രതീക്ഷകളുടെ ഭാരമാണ്. എന്നാൽ എന്തിനേക്കാളും വലുത് അത് നൽകുന്ന അഭിമാനമാണ്. ‘ഇൻ’ മൊബൈൽ ഉപയോഗിച്ച് ഇന്ത്യയെ വീണ്ടും ആഗോള സ്മാർട്ട്ഫോൺ ഭൂപടത്തിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് മൊബൈൽ ഗെയിമിംഗ് വിപണികളിലൊന്നാണ് ഇന്ത്യ, ‘ഇൻ’ ബ്രാൻഡിനൊപ്പം ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യത ലംഘിക്കാതെ മികച്ച ഉൽപ്പന്നങ്ങളുമായി മുന്നേറുന്നതിന് ഇത് അവസരമൊരുക്കും. ഒരു ഡിജിറ്റൽ മുന്നേറ്റത്തിനും അതുവഴി രാജ്യത്തിന് ഒരു വിജയഗാഥ രചിക്കുന്നതിനും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉൽപ്പന്നങ്ങൾ തേടുന്ന വിനോദ തൽപരരും, ധീരരും ആയ യുവതല മുറയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ നീലനിറമാണ് ബ്രാൻഡിന്റെ നിറവും മൊത്തത്തിലുള്ള വിഷ്വൽ ഐഡന്റിറ്റിയും. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പൂർണ്ണമായി വിശ്വസിക്കാവുന്ന ഒരു സ്മാർട്ട്ഫോൺ പരിതസ്ഥിതി വളർത്തിയെടുക്കുകയും യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവവുമാണ് ഈ ബ്രാൻഡിലൂടെ കമ്പനി ഉറപ്പുനൽകുന്നത്
സ്മാർട്ട് ഫോൺ വിപണിയിലേക്കുള്ള പുനഃപ്രവേശനം തുടങ്ങുന്നതിന് 500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് മൈക്രോമാക്സ് പദ്ധതിയിടുന്നുണ്ട്. പൂർണ്ണമായും പുതുതലമുറ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി ഉൽപ്പന്നങ്ങൾ നിർമ്മിക്കും. ‘ഇൻ’ ബ്രാൻഡിന് കീഴിൽ ഒരു പുതിയ ശ്രേണി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും. ഭിവാടി, ഹൈദരാബാദ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ 2 സ്ഥലങ്ങളിൽ അത്യാധുനിക ഉൽപാദന സൗകര്യങ്ങൾ മൈക്രോമാക്സിനുണ്ട്. പ്രതിമാസം 2 ദശലക്ഷത്തിലധികം ഫോണുകൾ നിർമ്മിക്കാനുള്ള ശേഷി ബ്രാൻഡിന് ഉണ്ട്. കൂടാതെ റീട്ടെയിൽ, വിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ് ബ്രാൻഡ്. നിലവിൽ ഇന്ത്യയിലുടനീളം പതിനായിരത്തിലധികം ഔട്ട്ലെറ്റുകളും ആയിരത്തിലധികം സേവന കേന്ദ്രങ്ങളും കമ്പനിക്കുണ്ട്.
ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി, ഡ്യുവൽ സിം, ക്വാർട്ടി ഉപകരണം, ഗെയിമിംഗ് ഉപകരണം, വിമൻസ് ലൈൻ ഓഫ് ഡിവൈസുകൾ, യൂണിവേഴ്സൽ റിമോട്ട് കൺട്രോൾ ഫോൺ, എംടിവി ഫോൺ, ഡോക്കബിൾ ബ്ലൂടൂത്ത് , എഡ്യൂടൈൻമെന്റ് ടാബ്ലെറ്റ് എന്നിവ ഉൾപ്പെടെ നിരവധി ഉത്പന്നങ്ങൾ മൈക്രോമാക്സിന് ഉണ്ട്.
Comments