ദുബായ് : പുതിയ നായകന്റെ കീഴിലും കൊൽക്കത്തയ്‌ക്ക് തോൽവി. മുംബൈ ഇന്ത്യൻസിനോട് 8 വിക്കറ്റിനാണ് കൊൽക്കത്ത തോറ്റത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് ലക്ഷ്യം 19 പന്തുകള്‍ ബാക്കി നിൽക്കെ മുംബൈ മറികടന്നു. അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്വിന്റൺ ഡി കോക്കാണ് മുംബൈയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ മുംബൈ പട്ടികയിൽ ഒന്നാമതെത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊൽക്കത്ത നായകൻ ഇയാൻ മോർഗന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു ഇന്നിംഗ്സിന്റെ തുടക്കം. മൂന്നാം ഓവറിൽ സ്കോർ 18ൽ നിൽക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് തുടർച്ചയായി മുംബൈ ബൗളർമാർ വിക്കറ്റുകൾ വീഴ്‌ത്തിക്കൊണ്ടിരുന്നു. പതിനൊന്നാം ഓവറിൽ സ്കോർ അറുപത് പിന്നിട്ടപ്പോഴേക്കും 5 വിക്കറ്റുകൾ കൊൽക്കത്തയ്‌ക്ക് നഷ്ടമായിരുന്നു. പിന്നീട് ഒന്നിച്ച നായകൻ മോർഗനും പാറ്റ് കമ്മിൻസനും ചേർന്ന് സ്കോർ പതിയെ ഉയർത്തി. ഇരുവരും പുറത്താകാതെ സ്കോർ 148ൽ എത്തിച്ചു. കമ്മിൻസ് 36 പന്തിൽ 53 റൺസും മോർഗൻ 29 പന്തിൽ 39 റൺസും നേടി. മുംബൈയ്‌ക്ക് വേണ്ടി രാഹുൽ ചഹർ രണ്ടും ബോൾട്ട്, ബൂമ്ര, കോട്ടർനൈൽ എന്നിവർ ഒരോ വിക്കറ്റും വീഴ്‌ത്തി.
149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്‌ക്ക് നായകൻ രോഹിത് ശർമ്മയും ക്വിന്റൺ ഡി കോക്കും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പതിനൊന്നാം ഓവറിൽ സ്കോർ 94 ൽ നിൽക്കെയാണ് മുംബൈയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 35 റൺസുമായി രോഹിത് ക്രീസ് വിട്ടപ്പോഴേക്കും മുംബൈ വിജയം ഏകദേശം ഉറപ്പിച്ചു. തൊട്ടുപിന്നാലെ 10 റൺസുമായി സൂര്യകുമാർ യാദവ് മടങ്ങിയെങ്കിലും പിന്നാലെയെത്തിയ ഹാർദ്ദിക് ഡി കോക്കിന് പിന്തുണ നൽകി തകർത്തടിച്ചു. ഡി കോക്ക് 44 പന്തിൽ 78ഉം ഹർദ്ദിക് 11 പന്തിൽ 21 ഉം എടുത്ത് പുറത്താകാതെ നിന്നു.കൊൽക്കത്തയ്‌ക്ക് വേണ്ടി വരുൺ ചക്രവർത്തിയും ശിവം മാവിയും ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.















