വാഷിംഗ്ടണ്‍: വിശ്വപ്രസിദ്ധ സംഗീത ബഹുമതിയായ ഗ്രാമിയ്‌ക്കുള്ള നാമനിര്‍ദ്ദേശം ശനിയാഴ്ച പ്രഖ്യാപിക്കും. ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിംഗിലൂടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഇന്ററിം റെക്കോഡിംഗ് അക്കാദമി ചെയര്‍മാന്‍ ഹാര്‍വേ മാസണ്‍ ജൂനിയറാണ് പ്രഖ്യാപനം നടത്തിയത്. മുന്‍ ഗ്രാമി ജേതാക്കളും നാമനിര്‍ദ്ദേശം ലഭിക്കുന്ന കലാകാരന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വെര്‍ച്വല്‍ സംവിധാനം വഴി ഒത്തുചേരും. ഗ്രാമീ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ ചടങ്ങ് കാണാനാകുമെന്ന് ഹാര്‍വേ അറിയിച്ചു.
ആകെ 64 വിഭാഗങ്ങളിലാണ് ഗ്രാമീ സംഗീത അവാര്‍ഡുകള്‍ നല്‍കുന്നത്. ദ വീക്കെന്റ്, ടെയ്‌ലര്‍ സ്വിഫ്റ്റ്, ദുവാ ലിപാ, ഫിയോനാ ആപ്പിള്‍ എന്നീ പ്രശസ്ത സംഗീത ആല്‍ബങ്ങള്‍ ഇത്തവണ മത്സരിക്കുന്നത്. ഇവര്‍ക്കൊപ്പം മത്സരിക്കുമെന്ന് പ്രതീക്ഷിച്ച ഫൈന്‍ ലൈന്‍ എന്ന ആല്‍ബം പക്ഷെ അവസാന റൗണ്ടില്‍ ഇടംപിടിച്ചട്ടില്ല. ആകെ 500 ആല്‍ബങ്ങളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 2021 ജനുവരി 31ന് ഞായറാഴ്ചയാണ് ഗ്രാമീ അവാര്‍ഡുകള്‍ സമ്മാനിക്കുക.















