മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളജിൽ പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷൻ അധ്യക്ഷ രേഖ ശർമ സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എൻ.രാജൻ കോബ്രഗേഡിന് കത്തയച്ചു.
സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പുത്തനഴി സ്വദേശി ഡോ.സൈനുൽ ആബിദീൻ ഹുദവി ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
മാദ്ധ്യമ പ്രവർത്തകൻ എൻ.സി മുഹമ്മദ് ഷെരീഫ് – സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ 27ന് മരിച്ചത്. സംഭവം നടന്നിട്ട് ഒരു മാസമായെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചത്.
Comments