ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. നിതീഷ് റാണയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് കൊല്‍ക്കത്തയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും(26) നിതീഷ് റാണയും(87) കൊല്‍ക്കത്തയ്‌ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് നേടി. മൂന്നാമനായെത്തിയ സുനില്‍ നരൈന്‍(7) വീണ്ടും നിരാശപ്പെടുത്തി. റിങ്കു സിംഗ്(11), നായകന്‍ ഇയോന്‍ മോര്‍ഗന്‍(15) എന്നിവര്‍ക്കും നിലയുറപ്പിക്കാനായില്ല. ഒരു ഭാഗത്ത് മികച്ച ഫോമില്‍ ബാറ്റ് വീശിയ നിതീഷ് റാണ 10 ബൗണ്ടറികളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 87 റണ്‍സ് നേടിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ദിനേഷ് കാര്‍ത്തിക് 10 പന്തില്‍ 21 റണ്‍സ് എടുത്തു.
ചെന്നൈയ്‌ക്ക് വേണ്ടി ലുംഗി എന്‍ഗിഡി 4 ഓവറില്‍ 34 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. മിച്ചല്‍ സാന്റ്‌നര്‍, രവീന്ദ്ര ജഡേജ, കരണ്‍ ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.















