അധിക ആളുകള്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് ചായ. ഇത് മിക്ക ആളുകളുടേയും ശീലത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. എന്നാല്‍ ഇനി ചായയില്‍ ഒരു വെറൈറ്റി ആയാലോ…..സാധാരണ ചായയില്‍ നിന്നും ഏറെ വ്യത്യസ്തവും ആരോഗ്യകരവും രുചികരവുമായ ഒന്നാണ് തുളസിയില ചായ. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനു പുറമേ തുളസിയുടെ രുചിയും കാഴ്ചയില്‍ വ്യത്യസ്തതവുമായ ഈ ചായ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച ശേഷം നന്നായി തിളപ്പിക്കുക. വെളളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് രണ്ട് സ്പൂണ്‍ തേയില ചേര്‍ത്ത് കൊടുക്കുക.
ഇത് നന്നായി തിളച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റി ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വെയ്ക്കുക. ശേഷം ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക. വെളളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് നാല് സ്പൂണ്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കുക. പഞ്ചസാര നന്നായി അലിഞ്ഞ ശേഷം അതിലേക്ക് ഒരു പിടി തുളസിയിലയും ചേര്‍ത്ത് കൊടുക്കുക. തുളസിയില നന്നായി വാടി വരുമ്പോള്‍ തീ ഓഫാക്കി അടുപ്പില്‍ നിന്നും ഇറക്കി വെയ്ക്കുക.
അതിനു ശേഷം ഒരു ഗ്ലാസില്‍ മുക്കാല്‍ ഭാഗം തുളസിയിലയിട്ട് തിളപ്പിച്ച് പഞ്ചസാര ലായിനി ഒഴിച്ചു കൊടുക്കുക. അതിനു മുകളിലായി അരിച്ചു വെച്ച തേയില വെള്ളം ഓരോ സ്പൂണ്‍ വീതം ഒഴിച്ചു കൊടുക്കുക. ഓരോ ആളുകള്‍ക്കും അവരുടെ കടുപ്പം അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. കാണുമ്പോള്‍ തന്നെ വളരെ വ്യത്യസ്തവും അതിലുപരി ആരോഗ്യകരവുമായ ഒന്നാണ് തുളസിയുടെ രുചിയുളള ഈ ടു ലെയര്‍ ചായ. വീട്ടില്‍ വരുന്ന ആളുകള്‍ക്ക് കൊടുക്കാവുന്ന ഒരു വ്യത്യസ്തമായ പാനീയം കൂടിയാണിത്.
Comments