മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ റയലിന് ജയം. ഇറ്റാലിയന്‍ ലീഗിലെ കരുത്തരായ ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്നാണ് റയല്‍ മാഡ്രിഡ് അനിവാര്യ ജയം സ്വന്തമാക്കിയത്. സീസണിലെ മെല്ലെപ്പോക്കിനിടെ മികച്ച ജയം റയലിന് അനിവാര്യമായിരുന്നു. ജയത്തിനൊപ്പം റയലിന്റെ ലോകോത്തര താരമായ സെര്‍ജിയോ റാമോസ് ടീമിനായി തന്റെ നൂറാമത്തെ ഗോളും തികച്ചു.
കളിയുടെ ആദ്യപകുതിയിലെ 25-ാം മിനിറ്റില്‍ കരീം ബെന്‍സേമയാണ് റയലിനായി ഇന്ററിന്റെ വല ആദ്യം ചലിപ്പിച്ചത്. 33-ാം മിനിറ്റില്‍ റയല്‍ വീണ്ടും ഇന്ററിന്റെ കളത്തില്‍ ആക്രമിച്ചുകയറി. സെര്‍ജിയോ റാമോസിന്റെ നൂറാമത്തെ ഗോള്‍ വലയിലായി. ഇതിനിടെ ഇന്റര്‍ തന്ത്രം മാറ്റി മുന്നേറി. മാര്‍ട്ടിനസ് 35-ാം മിനിറ്റില്‍ ലീഡ് 2-1 ആക്കി കുറച്ചു. റയലിനെ ഞെട്ടിച്ചുകൊണ്ട് 68-ാം മിനിറ്റില്‍ ഇന്ററിനായി ഇവാന് പെരിസിച്ച് സമനിലഗോളും നേടി. കഴിഞ്ഞ മത്സരങ്ങളില്‍ സിദാന്റെ ശാസന ഉള്‍ക്കൊണ്ട റയല്‍ താരങ്ങള്‍ കളി കൈവിട്ടില്ല. 80-ാം മിനിറ്റില്‍ റോഡ്രീഗോയിലൂടെ റയല്‍ വിജയഗോളും സ്വന്തമാക്കി.
സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെ മത്സരത്തിനാണ് റയല്‍ ഇറങ്ങിയത്. ഒരു ജയം ഒരു തോല്‍വി ഒരു സമനില എന്ന നിലയില്‍ മൂന്നാം സ്ഥാനക്കാരായാണ് റയല്‍ ഗ്രൂപ്പില്‍ നില്‍ക്കുന്നത്. ഇന്റര്‍ സീസണിലെ ആദ്യ തോല്‍വി പിണഞ്ഞതിന്റെ ക്ഷീണത്തിലാണ്. മൂന്നില്‍ രണ്ടു മത്സരങ്ങളില്‍ സമനിലക്കുരുക്കിലുംപെട്ട് തുടക്കം മങ്ങിയ നിലയിലാണ് മിലാന് ക്ലബ്ബ്.
Comments