സിനിമകളില്‍ നായക കഥാപാത്രങ്ങളെ പോലെ പ്രാധാന്യമേറിയതാണ് വില്ലന്‍ കഥാപാത്രങ്ങളും. പല സിനികളിലും നായകനേക്കാള്‍ ജനപ്രീതി വില്ലന്‍ കഥാപാത്രങ്ങള്‍ക്കു കിട്ടാറുമുണ്ട്. മിക്ക മലയാള സിനിമകളിലേയും വില്ലന്മാര് അന്യ ഭാഷകളില്‍ നിന്നും ഉളളവരാണ്. ഒരു കഥാപാത്രം പൂര്‍ണ്ണമാകണമെങ്കില്‍ കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദം പ്രധാനമാണ്. അന്യ ഭാഷകളില്‍ നിന്നുമെത്തി അരങ്ങില്‍ കൈയ്യടി നേടിയ മോഹന്‍ലാല്‍ സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയ ചില താരങ്ങളെ അറിയാം.
ദേവാസുരം
രഞ്ജിത്ത് തിരക്കഥ എഴുതി ഐവി ശശി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ദേവാസുരം. മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ഈ സിനിമയില്‍ മംഗലശ്ശേരി നീലകണ്ഠന് എന്ന മോഹന്‍ലാല്‍ കഥാപാത്രത്തോട് ഒപ്പം തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു മുണ്ടയ്ക്കല്‍ ശേഖരന് എന്ന കഥാപാത്രം. നെപ്പോളിയനാണ് മുണ്ടയ്ക്കല്‍ ശേഖരനായി സിനിമയില്‍ എത്തിയത്. ഈ സിനിമയില്‍ നെപ്പോളിയന് ശബ്ദം നല്‍കിയത് മലയാളികളുടെ പ്രിയതാരം ഷമ്മി തിലകനാണ്.
ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഷമ്മി.
പുലിമുരുകന്
ഉദയ കൃഷ്ണന് തിരക്കഥയെഴുതി വൈശാഖ് സംവിധാനം ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പുലിമുരുകന്. മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ഒരു സിനിമയായിരുന്നു ഇത്.
മുരുകന് എന്ന മോഹന്‍ലാല്‍ കഥാപാത്രത്തോടൊപ്പം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഡാഡി ഗിരിജ എന്ന വില്ലന്‍. തെലുങ്ക് സൂപ്പര്‍ താരമായ ജഗപതി റാവുവാണ് ചിത്രത്തിലെ ഡാഡി ഗിരിജ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ സീരിയല്‍ താരം മനോജാണ് ചിത്രത്തില്‍ ജഗപതി റാവുവിന് ശബ്ദം നല്‍കിയത്. സിനിമ സീരിയല്‍ രംഗത്ത് മാത്രമല്ല ഡബ്ബിംഗ് രംഗത്തും പ്രശസ്തനാണ് മനോജ്.
ലൂസിഫര്‍
മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിതത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത താരമായ വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ബിമല്‍ നായര്‍/ബോബി എന്ന ഈ വില്ലന്‍ കഥാപാത്രത്തിന് മലയാളികളുടെ പ്രിയ താരം വിനീതാണ് ശബ്ദം നല്‍കിയത്.
Comments