ദോഹ: പക്ഷാഘാതത്തെത്തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന നാഗര്‍കോവില്‍ സ്വദേശി ബാലസുബ്രഹ്മണ്യം പുനര്‍ജനിയുടെ ഇടപെടലില്‍ നാട്ടിലെത്തി. ഡ്രൈവറായി എട്ടു വര്‍ഷം മുമ്പാണ് ഖത്തറില്‍ എത്തിയത്. പക്ഷാഘാതത്തെ തുടര്‍ന്ന് എച്ച്എംസി അടിയന്തര ചികിത്സാവിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഖത്തര്‍ റിഹാബിലേറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക്(ക്യുആര്‍ഐ) മാറ്റി. ചികിത്സ നീണ്ടതോടെ ബാലസുബ്രഹ്മണ്യത്തെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കമ്പനി തീരുമാനിച്ചെങ്കിലും സഹായത്തിന് ഒപ്പം പോകാന്‍ ആളില്ലാഞ്ഞതിനാല്‍ യാത്ര നീണ്ടു.
ഈ ഘട്ടത്തിലാണ് ക്യുആര്ഐയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പുനര്‍ജനിയുടെ സഹായം തേടിയത്. പുനര്‍ജനിയുടെ ഇടപെടലില്‍ നാഗര്‍കോവില്‍ സ്വദേശിയായ ഭാരതീ മണ്ഡ്രം പ്രവര്ത്തകന് ഒപ്പം പോകാന്‍ തയാറായി. ഐസിബിഎഫ് ജോ.സെക്രട്ടറി സന്തോഷ് പിള്ള എയര്‍ലൈന്‍സ് അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ഉറപ്പാക്കി. യാത്രാകാര്യത്തില്‍ സുബ്രഹ്മണ്യത്തിന്റെ കമ്പനിയും ആവശ്യമായ സഹായമേകി.
Comments