ആദ്യ കാലങ്ങളിൽ വീട്ടില്‍ വരുന്ന ആളുകള്‍ക്ക് വിരുന്നൊരുക്കാനായി തയ്യാറാക്കിയിരുന്ന ഒരു പലഹാരമാണ് അട. കേള്‍ക്കുമ്പോള്‍ തന്നെ ഒരു മധുരപലഹാരമാണ് എല്ലാവരുടെയും മനസ്സിലേക്ക് കടന്നു വരുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി കോഴി അട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. മലബാര്‍ മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ്കോഴി അട.
ഇത് തയ്യാറാക്കുന്നതിനായി അരക്കിലോ കോഴിയിറച്ചി നന്നായി കഴുകി വൃത്തിയാക്കി എല്ലില്ലാത്ത കഷ്ണങ്ങളാക്കിയ ശേഷം കാല് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, മുക്കാല്‍ ടീസ്പൂണ്‍ മുളകുപൊടി, കാല് ടീസ്പൂണ്‍ കുരുമുളകുപൊടി, കാല് ടീസ്പൂണ്‍ ഗരം മസാലപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയും കാല്‍കപ്പ് വെള്ളവും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ചെടുക്കുക.
കോഴിയിറച്ചി നന്നായി വെന്ത ശേഷം തണുക്കാനായി മാറ്റി വെയ്ക്കുക. ശേഷം രണ്ട് കപ്പ് മൈദമാവെടുത്ത് ആവശ്യത്തിന് ഉപ്പും ഇത്തിരി വെളിച്ചെണ്ണയും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ നന്നായി കുഴച്ചെടുക്കുക. രണ്ട് സവാള എടുത്ത് കനംകുറച്ച് അരിഞ്ഞ ശേഷം ചീനച്ചട്ടി അടുപ്പത്ത് വെച്ച് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇട്ടു നന്നായി വഴറ്റിയെടുക്കുക. ബ്രൗണ്‍ നിറത്തില്‍ ആകുന്നതു വരെ വഴറ്റിയെടുക്കണം. ശേഷം തണുത്ത കോഴിയിറച്ചി മിക്സിയിലിട്ട് നന്നായി പൊടിച്ചെടുത്ത് അതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
ശേഷം തീ ഓഫ് ചെയ്തു ഒരു പപ്പടം വലുപ്പത്തില്‍ മൈദമാവ് പരത്തിയെടുത്ത് അതിലേക്ക് വഴറ്റിയെടുത്ത മിക്സ് നിറയ്ക്കുക. ശേഷം ഇതിന്റെ രണ്ടറ്റവും വിരലുകള്‍ ഉപയോഗിച്ച് നന്നായി ഒട്ടിച്ചു വയ്ക്കുക. മൈദയായതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് ഒട്ടുന്നു. പിന്നീട് ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം അവ ഓരോന്നായി ഇട്ടുകൊടുക്കുക. പിന്നീട് ഭാഗം മറച്ചിട്ട് വേവിക്കുക. വളരെ സ്വാദിഷ്ടമായ കോഴി അട തയ്യാര്‍. വീട്ടില്‍ വിരുന്നുകാര് വരുന്ന സമയങ്ങളിലോ അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ ചായയ്ക്ക് പലഹാരമായോ ഇത് ഉണ്ടാക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ മലബാര്‍ സ്പെഷ്യല്‍ കോഴി അട.
Comments